മിലനിൽ നടന്ന ഫാഷൻ വീക്കിൽ കോലാപൂരി പാദരക്ഷകളുടെ മോഡൽ അടിച്ചുമാറ്റി തങ്ങളുടേതാക്കി കയ്യടി നേടാനുള്ള ഇറ്റാലിയൻ ബ്രാൻഡ് പ്രാഡയുടെ നീക്കത്തിന് രൂക്ഷവിമർശനമാണ് നേരിടേണ്ടി വന്നത്. ഇതോടെ കുറ്റസമ്മതം നടത്തി തൽക്കാലം തടിയൂരിയെങ്കിലും ഇപ്പോഴിതാ വീണ്ടും അതേ വിവാദം തന്നെ പ്രാഡയെ പിടികൂടിയിരിക്കുകയാണ്.
ആന്റ്വിക്ക് ലെദർ പമ്പ്സ് എന്ന പേരിൽ ഇന്ത്യൻ ജുട്ടീസ് എന്ന ബ്രാൻഡിനെയാണ് പ്രാഡ കോപ്പിയടിക്കാൻ തിരഞ്ഞെടുത്തത്. ഇത് ഇന്ത്യൻ ജുട്ടിയുടെ സമാനരൂപമാണ്. എന്നാലത്, തങ്ങൾ പശുത്തോൽ ഉപയോഗിച്ചു നിർമിച്ചതും, തീർത്തും പുതിയതുമായ മോഡലാണെന്നാണ് പ്രാഡയുടെ വാദം. ജുട്ടികൾ ഫ്ലാറ്റാണെങ്കിൽ, ഇതിനൽപം ഹീൽസ് ഉണ്ട് എന്നതു മാത്രമാണ് വ്യത്യാസം.
ഇന്ത്യൻ മോഡലുകൾ 400 മുതൽ 2000 രൂപ വരെ നിരക്കിൽ ഇത്തരം മോഡലുകൾ വിൽക്കുമ്പോൾ, പ്രാഡ അതു വിൽക്കുന്നത് അതിലും എത്രയോ മടങ്ങ് അധികം തുകയ്ക്കാണ്. കോലാപൂരി പാദരക്ഷകളുടെ മാത്രം മോഡലുകൾക്കു അവരിട്ട വില ഒരു ജോഡിക്ക് 1.7 ലക്ഷം മുതല്‍ 2.10 ലക്ഷം വരെയാണ്. .
ഈ സംഭവം വൈറലായതിന് പിന്നാലെ നിരവധി ആളുകളാണ് പ്രാഡയ്ക്കെതിരെ വിമർശനവുമായി രംഗത്തുവന്നത്. പക്ഷേ ഇന്ത്യൻ ബ്രാൻഡായ ജുട്ടീസിന്റെ തനതായ ഉൽപ്പന്നം കോപ്പിയടിച്ചതല്ലെന്നാണ് പ്രാഡ പറയുന്നത്. കോലാപ്പൂരി വിവാദത്തിന്റെ സമയത്തും ഇതുതന്നെയായിരുന്നു പ്രാഡ പറഞ്ഞുകൊണ്ടിരുന്നത്. ഒടുവിൽ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ഇവർ കോപ്പിയടിച്ചാണ് തങ്ങൾ ചെരുപ്പുണ്ടാക്കിയെന്നത് സമ്മതിച്ചത്.