മലയാള സിനിമയിലെ നടിമാർ നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാൻ 2019-ൽ കുക്കു പരമേശ്വരനാണ് യോഗം വിളിച്ചതെന്നും എന്നിട്ട് ഇപ്പോൾ നടിമാരുടെ അനുഭവങ്ങൾ പകർത്തിയ ഹാർഡ്ഡിസ്‌ക് കാണാനില്ലെന്ന് പറഞ്ഞ് കുക്കുവിന് ഒഴിയാനാവില്ലെന്നും നടി പ്രിയങ്ക. വാർത്താസമ്മേളനം വിളിച്ചാണ് പ്രിയങ്ക 2019-ൽ, ഹേമാ കമ്മറ്റി രൂപീകൃതമാവുന്നതിനു മുമ്പുനടന്ന നടിമാരുടെ യോഗത്തെക്കുറിച്ചും നിർണായക വെളിപ്പെടുത്തലുകളെക്കുറിച്ചും പറഞ്ഞത്. ‘അമ്മ’ തിരഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരൻ ആദ്യം നേരിടുന്ന ആരോപണങ്ങൾ തീർപ്പാക്കണമെന്നും പ്രിയങ്ക പറയയുന്നു. അതിൽ നിന്നും ഒരു സംഭവം ഇപ്പോൾ ലീക്കായത് നടിമാരുടെ അഭിമാനത്തെ ചോദ്യംചെയ്യുന്നതാണെന്നും പ്രിയങ്ക പറഞ്ഞു.
‘നമ്മുടെ മനസ്സിലുള്ള രഹസ്യങ്ങൾ വിശ്വസിച്ചുപറയുമ്പോൾ ഒരു ക്യാമറ അത് പിടിച്ചെടുക്കുന്നത് എന്തിനാണെന്ന് സ്വാഭാവികമായിട്ടും എനിക്കു തോന്നി, അതു ഞാൻ ചോദിച്ചു. ഇത് വെച്ചിരിക്കുന്നത് ഒരു തെളിവിന് വേണ്ടിയിട്ടാണെന്ന് കുക്കു തന്നെയാണ് പറഞ്ഞത്. തെളിവിനാണെങ്കിൽ ശരി എന്നു പറഞ്ഞു ഞാൻ തലയാട്ടി. പക്ഷേ അവിടെ വന്നപ്പോൾ ആദ്യം ചെയ്തത് ഞങ്ങളുടെ എല്ലാവരുടെയും മൊബൈൽ ഫോൺ മാറ്റിവെക്കണം എന്ന നിർദ്ദേശം അനുസരിക്കുകയായിരുന്നു. ഒരാളുടെ കൈയിലും ഫോൺ ഉണ്ടാവാൻ പാടില്ല എന്ന കർശനനിർദ്ദേശം എല്ലാവരും അനുസരിച്ചു.
നിങ്ങൾ പറയണം, നിങ്ങൾ പറയൂ, നമുക്കിതിന് ഒരു പരിഹാരം ഉണ്ടാക്കണം എന്ന് കുക്കു പറഞ്ഞുകൊണ്ടേയിരുന്നു. അന്ന് ഒരുപാടുപേരുടെ തുറന്നുപറച്ചിലിന് ഞാൻ സാക്ഷിയാണ്. നമ്മുടെ കൂടെയുള്ള, നമ്മളെ വിശ്വസിച്ച് എല്ലാം തുറന്നുപറഞ്ഞതിൽ ഒരു കാര്യം ഈയടുത്ത് ലീക്കായത് എന്റെ ശ്രദ്ധയിൽ പെട്ടു. അതെങ്ങനെ ലീക്കായി. വീഡിയോ എടുത്തുവെച്ചിരിക്കുന്ന ഹാർഡ് ഡിസ്‌ക് ഞങ്ങൾക്ക് കിട്ടണം. നഷ്ടപ്പെട്ടുപോയി എന്നു പറയാൻ ഇത് വെറുതേ കളയേണ്ടതായ ഒരു കാസറ്റോ വേറൊരു സംഗതിയോ അല്ല. ഞാൻ അന്നവിടെ ഇല്ലായിരുന്നുവെങ്കിൽ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ വരികയേ ഇല്ല. അവിടെ ഉണ്ടായിരുന്നതുകൊണ്ടാണ് ഹാർഡ് ഡിസ്‌ക് വേണമെന്ന് ആവശ്യപ്പെട്ടത്.’