അമ്മ തിരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തേക്ക് വന്നത് മോഹൻലാൽ പ്രസിഡന്റായി മത്സരിക്കില്ലെന്ന് അറിഞ്ഞതിന് ശേഷമാണ് എന്ന് നടൻ ദേവൻ. മോഹൻലാലിനെ പോലെ ‘അമ്മ’യോട് ഏറ്റവുമധികം ബന്ധമുള്ള ആൾ നേതൃനിരയിൽ ഇല്ലെങ്കിൽ ‘അമ്മ’ എന്ന സംഘടന അനാഥമായിപോകും. തങ്ങളെല്ലാം കൂടി പടുത്തുയർത്തിയ ‘അമ്മ’ അനാഥമായിപ്പോകാതിരിക്കാൻ വേണ്ടി മത്സരിക്കേണ്ടത് തന്റെ കടമയാണെന്ന് കരുതിയാണ് നാമനിർദേശ പത്രിക നൽകിയതെന്നും ദേവൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ദേവൻ പറഞ്ഞത്
മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള തിരക്കുള്ള താരങ്ങൾ ഒരു പ്രതിഫലവും വാങ്ങാതെ പരിപാടികൾ നടത്തിയാണ് അമ്മയിലെ മൂലധനം ഉണ്ടാക്കിയത്. ‘അമ്മ’യുടെ കൈനീട്ടം കാത്തിരിക്കുന്ന നിരവധി അവശ കലാകാരന്മാരെ വഴിയാധാരം ആക്കാൻ കഴിയില്ല എന്നും അമ്മയെ നയിക്കാൻ ശക്തമായ ഒരു നേതൃനിര വേണം ആരോപണ വിധേയർ മാറിനിന്നില്ലെങ്കിൽ അവരെ വോട്ട് ചെയ്തു തോൽപ്പിക്കാൻ അംഗങ്ങൾക്ക് കഴിയും എന്ന് ദേവൻ പറഞ്ഞു. ജഗദീഷ് മത്സരരംഗത്തു നിന്ന് മാറിനിൽക്കും എന്ന് പറഞ്ഞതായി അറിഞ്ഞു പക്ഷേ ദേവൻ മാറി നിൽക്കില്ല, മത്സരത്തിൽ നിന്ന് പിന്മാറില്ല ജയിച്ചാലും തോറ്റാലും പ്രശ്‌നമില്ല.
മോഹൻലാലിന് വൈകാരികമായിട്ട് ഒരുപാട് ബന്ധമുള്ളതാണ് ഈ ‘അമ്മ’. അതുകൊണ്ട് ‘അമ്മ’യെ അനാഥമാക്കിയിട്ട് പോകില്ല എന്നുള്ള ഒരു വിശ്വാസം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അവസാന നിമിഷം വരെ വെയിറ്റ് ചെയ്തു. നോമിനേഷൻ കൊടുക്കാനുള്ള അവസാന തീയതിയുടെ തലേദിവസം ഞാൻ നോക്കിയപ്പോഴും മോഹൻലാലിനു താൽപര്യമില്ല എന്ന് പറഞ്ഞു. ഞാൻ വരില്ല ഞാൻ നോമിനേഷൻ കൊടുക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.
അതിനുശേഷമാണ് എനിക്ക് ഒരു ഉത്തരവാദിത്തവും ചുമതലയുമുണ്ടെന്ന് തോന്നിയത്. നമ്മളൊക്കെ തുടങ്ങിയ ഒരു സംഘടന ഇങ്ങനെ അനാഥമായിട്ട് അന്യം നിന്ന് പോകാൻ പാടില്ല. അങ്ങനെയാണ് ഞാൻ മത്സരിക്കാൻ തീരുമാനിച്ചത്.