നടന് നിവിന്‍ പോളിക്കും സംവിധായകന് ഏബ്രിഡ് ഷൈനിനുമെതിരെ 1.90 കോടി രൂപയുടെ വഞ്ചനാകുറ്റത്തിനു പരാതി നല്‍കിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ഈ കേസിൽ ഹാജരാക്കിയത് വ്യാജരേഖകളാണെന്ന് തെളിഞ്ഞതിനെ തുടർന്ന് തലയോലപ്പറമ്പ് സ്വദേശി പി.എസ്.ഷംനാസിനെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിധം രേഖകള്‍ ഹാജരാക്കിയെന്ന് വ്യക്തമാക്കിയാണ് വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.
അടുത്ത മാസം 28ന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ ഷംനാസിന്റെ പരാതിയില്‍ നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ ജാമ്യമില്ലാ കുറ്റത്തിനു കേസെടുത്തിരുന്നു. എന്നാൽ കോടതി എടുത്ത പുതിയ തീരുമാനത്തോടെ വാദി, പ്രതിയാകാനുള്ള സാധ്യത കൂടുകയാണ്.
ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ടതാണ് വിവാദം ഈ സിനിമയുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന് ഏബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ചു വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്റെ പേരിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു.
ഇതിനുവേണ്ടി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കി. പൊലീസ് അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ തെളിഞ്ഞതോടെ ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുക്കുകയായിരുന്നു. വ്യാജ ഒപ്പിട്ടതായി തെളിഞ്ഞതോടെ ഫിലിം ചേംബറും ഷംനാസിനെതിരെ നടപടികള്‍ സ്വീകരിക്കും. പൊലീസ് കേസ് നല്‍കുന്നത് കൂടാതെ ഇയാളുടെ നിര്‍മാണ കമ്പനിക്ക് ഫിലിം ചേംബര്‍ നിരോധനം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്. . വ്യാജ രേഖകള്‍ ഹാജരാക്കിയാണ് ഈ പരാതി നല്‍കിയതെന്ന് മനസിലായതോടെ ഇനി ആ കേസ് റദ്ദാക്കപ്പെട്ടേക്കും.