ക്രിക്കറ്റ് ലോകവും ബോളിവുഡും തമ്മിൽ എക്കാലവും ഒരു ഇഴപിരിയാത്ത ബന്ധമുണ്ട്. ആമിർ ഖാനും ഇത്തരത്തിൽ ക്രിക്കറ്റ് ഹരം മനസ്സിൽ സൂക്ഷിക്കുന്ന ഒരാളാണ് .ഇപ്പോഴിതാ ഓൺലൈൻ ന്യൂസ് പ്ലാറ്റ്ഫോമായ ലാലൻടോപ്പിലെ ഒരു അഭിമുഖത്തിനിടയിൽ ആമിർ ഒരു രസകരമായ സംഭവം തുറന്ന് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാതാപിതാക്കളെ അറിയിക്കാതെ ആമിറും റീനയും വിവാഹിതരായ അതേ ദിവസമാണ് പാക് ക്രിക്കറ്ററായിരുന്ന ജാവേദ് മിയാൻദാദ് ഷാർജയിൽ ഇന്ത്യയ്ക്കെതിരെ നടന്ന മത്സരം സിക്സ് അടിച്ച് ജയിച്ചത്.
‘ആരുമറിയാതെ വിവാഹം കഴിച്ചതിന് ശേഷം ടെൻഷനോട് വീട്ടിലെത്തിയെങ്കിലും എല്ലാവരും ക്രിക്കറ്റ് കാണുന്ന തിരക്കിലായതിനാൽ ആരും മൈൻഡ് ചെയ്യുന്നുണ്ടായിരുന്നില്ല, ഞാൻ വിവാഹിതനായ ദിവസം തന്നെ ഇന്ത്യ മത്സരത്തിൽ വിജയിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു. അതും പാകിസ്ഥാനെതിരെ , പക്ഷേ മിയാൻദാദ് സിക്സറിടച്ചു നമ്മൾ തോറ്റു’- ആമിർ പറയുന്നു.
വർഷങ്ങൾക്ക് ശേഷം മിയാൻദാദിനെ നേരിട്ട് ഒരു ഫ്ളൈറ്റിൽ വച്ച് കണ്ടെന്നും അപ്പോൾ നിങ്ങൾ ചെയ്തത് ശരിയായില്ലെന്നും നിങ്ങൾ സിക്സറടിച്ചതോടെ ഡിപ്രഷനിലായതിനാൽ എന്റെ വിവാഹം നിങ്ങൾ നശിപ്പിച്ചെന്ന് മിയാൻദാദിനോട് പറഞ്ഞെന്നും ആമിർ പറയുന്നുണ്ട്.
ജാവേദ് മിയാൻദാദ് പാകിസ്താനിൽ നിന്നുള്ള മികച്ച ബാറ്റർമാരിൽ ഒരാളാണ്. 124 ടെസ്റ്റുകളിൽ നിന്നും 52.57 ആവ്റേജിൽ 8832 റൺസ് വാരിക്കൂട്ടിയ അദ്ദേഹം, 233 ഏകദിന മത്സരങ്ങളിൽ നിന്നും 41.70 ആവ്റേജിൽ 7381 റൺസാണ് അദ്ദേഹം നേടിയിട്ടുള്ളത്.