തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പി വി അന്‍വറിന്റെ പിന്തുണ അനിവാര്യമെന്ന് യുഡിഎഫ്. മുന്നണി പ്രവേശനം ഉണ്ടാകാത്ത സാഹചര്യത്തില്‍ അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ വോട്ട് വിഘടിക്കാനുള്ള സാധ്യത കൂടി മുന്നിലുണ്ട്. നിലമ്പൂരില്‍ യുഡിഎഫും അന്‍വറും ഉന്നയിക്കുന്നത് ഒരേ വിഷയങ്ങളാണെന്നിരിക്കെ അന്‍വറിനെ ചേര്‍ത്തുനിര്‍ത്താമെന്ന തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയേക്കും.
പിണറായി സര്‍ക്കാരിനെതിരെ സമാന നിലപാട് എടുക്കുന്നവരെ ഒന്നിച്ച് നിര്‍ത്തണമെന്നും തിരഞ്ഞെുപ്പിനെ നേരിടേണ്ടി വരുന്ന ഈ നിര്‍ണ്ണായക ഘട്ടത്തില്‍ കടുംപിടിത്തം ആവശ്യമില്ലെന്നുമുള്ള പൊതുഅഭിപ്രായം മുന്നണിയില്‍ രൂപപ്പെട്ടിട്ടുണ്ട്. പിണറായി വിജയന് എതിരെ വിജയിക്കുകയെന്നതിനാണ് പ്രഥമ പരിഗണന കൊടുക്കേണ്ടതെന്ന അഭിപ്രായത്തിലാണ് നേതാക്കള്‍.
അതേസമയം, നിലമ്പൂരിലെ ഫലം തുടര്‍ഭരണത്തിലേക്കുള്ള സര്‍ക്കാരിന്റെ നാന്ദി കുറിക്കലാണെന്ന പ്രചാരണത്തിന് മുന്‍തൂക്കം നല്‍കിയാണ് എല്‍ഡിഎഫ് ക്യാമ്പും പ്രവര്‍ത്തിക്കുന്നത്.
സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ നിലമ്പൂരില്‍ മത്സരം കടുത്തിട്ടുണ്ട്. സിപിഐഎം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും നിലമ്പൂര്‍ സ്വദേശിയും സിപിഐഎം സെക്രട്ടറിയേറ്റ് അംഗവും യുവ മുഖവുമായ സ്വരാജിനെ കളത്തിലിറക്കുകയും ചെയ്തതോടെ ചിത്രം മാറിയെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.