ജനസംഖ്യ കുറഞ്ഞതിന്റെ പേരില്‍ ചൈനീസ് സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. വിവാഹം ചെയ്യുന്നതിനും അതിലുണ്ടാകുന്ന കുട്ടികള്‍ക്കും വലിയ വാഗ്ദാനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ ഇതിനൊപ്പം മറ്റൊരു വെല്ലുവിളി കൂടിയാണ് ഇപ്പോള്‍ രാജ്യം അഭിമുഖീകരിക്കുന്നത്. രാജ്യത്തെ സ്ത്രീകള്‍ വിവാഹിതരാവാന്‍ താല്‍പര്യം കാണിക്കുന്നില്ല എന്നത് തന്നെ 30 ലക്ഷത്തോളം ചൈനീസ് പുരുഷന്‍മാര്‍ക്ക് പങ്കാളിയെ സ്വന്തം രാജ്യത്ത് നിന്ന് കണ്ടെത്താനാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതിനാല്‍ പങ്കാളികളെ ലഭിക്കാന്‍ പലരും രാജ്യത്തിന് പുറത്തുനിന്നുള്ളവരെക്കൂടി നോക്കുകകയാണ്. എന്നാല്‍ ഓണ്‍ലൈന്‍ വഴിയുള്ള വിവാഹാലോചനകള്‍ കണ്ണടച്ച് വിശ്വസിക്കരുതെന്നും പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും ബംഗ്ലാദേശിലെ ചൈനീസ് എംബസി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നിയമപരമല്ലാത്ത അതിര്‍ത്തി കടന്നുള്ള വിവാഹങ്ങളില്‍ നിന്നും പൗരന്മാര്‍ വിട്ടുനില്‍ക്കണമെന്നും ഓണ്‍ലൈന്‍ മാച്ച് മേക്കിങ് സ്‌കീമുകളുടെ ചതിക്കുഴികളില്‍ വീഴരുതെന്നും എംബസി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും മാച്ച്മേക്കിങ് ഏജന്‍സികള്‍ വഴിയും വിദേശ സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കുന്നത് ചൈനയില്‍ നിയമവിരുദ്ധമായ പ്രവൃത്തിയാണ്. എന്നാല്‍, ഇത് വകവയ്ക്കാതെ നിയമവിരുദ്ധമായി വിദേശ സ്ത്രീകളെ ഭാര്യമാരാക്കുന്ന പ്രവണത ചൈനീസ് പുരുഷന്മാര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എംബസിയുടെ ഈ മുന്നറിയിപ്പ്.
വിവാഹം എന്ന വ്യാജേന ബംഗ്ലാദേശ് യുവതികളെ ചൈനയില്‍ വില്‍ക്കുന്ന സംഭവങ്ങള്‍ സമീപകാലത്തായി നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് എംബസിയുടെ ഈ ഇടപെടല്‍. മനുഷ്യക്കടത്ത് സംഘങ്ങളാണ് ഇതിന് പിന്നില്‍. നിലവില്‍ പ്രണയ തട്ടിപ്പിനോ വിവാഹ തട്ടിപ്പിനോ ഇരയായവര്‍ പൊതുസുരക്ഷ അധികാരികളെ ബന്ധപ്പെടണമെന്നും എംബസി അറിയിച്ചിട്ടുണ്ട്.