ദില്ലി: ഇന്ത്യയുടെയും പാകിസ്ഥാന്റെയും പക്കല്‍ 170 വീതം ആണവായുധങ്ങളുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പാകിസ്ഥാന് കൂടുതല്‍ ആണവായുധം നല്കിയത് ചൈനയാണെന്നും അതിനാല്‍ ചൈനയെയാണ് ഭീഷണി ആയി ഇന്ത്യ കാണുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വന്തം നിലനില്‍പ്പിന് തന്നെ ഭീഷണിയായാണ് പാകിസ്ഥാന്‍ ഇന്ത്യയെ കാണുന്നത്. എന്നാല്‍ ഇന്ത്യ ചൈനയെ പ്രധാന എതിരാളിയായും പാകിസ്ഥാനെ അനുബന്ധ സുരക്ഷാ പ്രശ്നമായുമാണ് കണക്കാക്കുന്നത്.
ചൈനയെ ഫലപ്രദമായി നേരിടുന്നതിലും അതിനൊപ്പം തന്നെ ഇന്ത്യയുടെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിലുമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിരോധ മുന്‍ഗണനകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഈ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. മെയ് മാസത്തില്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തിയിട്ടും പാകിസ്ഥാനെ കൈകാര്യം ചെയ്യേണ്ട ഒരു അനുബന്ധ സുരക്ഷാ പ്രശ്‌നമായി മാത്രമാണ് ഇന്ത്യ കാണുന്നത്. ചൈനീസ് സ്വാധീനത്തെ ചെറുക്കുന്നതിനും ആഗോള നേതൃത്വപരമായ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ഉഭയകക്ഷി പ്രതിരോധ പങ്കാളിത്തത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.
2025 വരെ ഇന്ത്യ റഷ്യയുമായുള്ള ബന്ധം നിലനിര്‍ത്തുമെന്നാണ് പറയുന്നത്. റഷ്യയുമായുള്ള ബന്ധം സാമ്പത്തിക, പ്രതിരോധ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രധാനമാണെന്ന് ഇന്ത്യ കരുതുന്നു. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഭീഷണികളെ നേരിടാനുള്ള സൈന്യത്തിന്റെ കഴിവിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്ന റഷ്യന്‍ ടാങ്കുകളുടെയും യുദ്ധവിമാനങ്ങളുടെയും വലിയ ശേഖരം നിലനിര്‍ത്തുന്നതിന് ഇപ്പോഴും റഷ്യന്‍ സ്‌പെയര്‍ പാര്‍ട്സിനെയാണ് ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പാകിസ്ഥാന് ചൈനയില്‍ നിന്ന് സാമ്പത്തികവും സൈനികവുമായ സഹായം ലഭിക്കുന്നുണ്ടെന്നും പാകിസ്ഥാനും ചൈനയും സംയുക്ത സൈനിക അഭ്യാസം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ആണവായുധങ്ങള്‍ പാകിസ്ഥാന്‍ ചൈനയില്‍ നിന്നാണ് സ്വന്തമാക്കുന്നത്. ഹോങ്കോംഗ്, സിംഗപ്പൂര്‍, തുര്‍ക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവ വഴി് ആയുധം കൈമാറുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.