ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരായ പരാമര്‍ശത്തില്‍ എം വി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി തലശ്ശേരി അതിരൂപത. എം വി ഗോവിന്ദന്റെ പ്രസ്താവന ഫാസിസ്റ്റുകളുടേതിന് തുല്യമാണ്. എ കെ ജി സെന്ററില്‍ നിന്ന് തീട്ടൂരം വാങ്ങണോ മെത്രാന്മാര്ക്ക് പ്രവര്‍ത്തിക്കാനെന്നും അതിരൂപത വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു.
ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ശക്തമായി എതിര്‍ത്തിട്ടുണ്ടെന്ന് അതിരൂപത വ്യക്തമാക്കി. ഛത്തീസ്ഗഡ് വിഷയത്തില്‍ കേന്ദ്രം ഇടപെട്ടതിന് നന്ദി അറിയിച്ച നിലപാടില്‍ മാറ്റമില്ല. എന്നാല്‍ കന്യാസ്ത്രീ വിഷയത്തില്‍ സഭ കേന്ദ്ര സര്‍ക്കാറിനോട് നന്ദി പറഞ്ഞത് തങ്ങളുടെ നിലപാട് മാറ്റമല്ലെന്നും അതിരൂപത വ്യക്തമാക്കി.
ഇതിനെക്കുറിച്ച്സി പി എം. സംസ്ഥാന സെക്രട്ടറിയുടെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണ്. അവസരവാദം ആപ്തവാക്യമായി സ്വീകരിച്ച ആളാണ് പാര്‍ട്ടി സെക്രട്ടറി. സ്വന്തം സ്വഭാവ വൈകല്യം മറ്റുള്ളവരെ വിലയിരുത്താനുള്ള അളവുകോലായി എം വി ഗോവിന്ദന് ഉപയോഗിക്കരുതെന്നും തലശ്ശേരി അതിരൂപത അഭിപ്രായപ്പെട്ടു.
ഡി വൈ എഫ് ഐയുടെ പ്രസ്താവനകളെ അതിരൂപത അവഗണിച്ചതാണ്. എന്നാല്‍, എം വി ഗോവിന്ദന് ഇതിന് കുടപിടിക്കുന്നത് അപലപനീയമാണെന്നും അതിരൂപത കുറ്റപ്പെടുത്തി.
ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അവസരവാദിയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അഭിപ്രായപ്പെട്ടിരുന്നത്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ സ്തുതിയും പറഞ്ഞുവെന്ന് ഗോവിന്ദന് വ്യക്തമാക്കി.