മലപ്പുറം: സംസ്ഥാനത്ത് ദേശീയപാതയില്‍ വ്യാപകമായി വിള്ളലും മണ്ണിടിച്ചിലും. മലപ്പുറം, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ദേശീയപാതയില്‍ വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ഇപ്പോള്‍ ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇന്നലെ മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താണത് വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു.
നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേല്‍പ്പാലത്തിന് മുകളില്‍ വിള്ളല്‍ കണ്ടെത്തിയത്. ടാറിങ് ചെയ്ത റോഡില്‍ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിള്ളല്‍ കണ്ടെത്തിയ ഭാഗം അധികൃതര്‍ ടാറിട്ട് മൂടി. ഇതിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തി. അശാസ്ത്രീയമായ രീതിയിലാണ് റോഡ് നിര്‍മാണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
കാസര്‍കോട് ദേശീയപാത നിര്‍മാണം നടക്കുന്ന മാവുങ്കാല്‍ കല്യാണ്‍ റോഡിന് സമീപമാണ് വിള്ളല്‍ , 53 മീറ്റര്‍ നീളത്തിലും 4.10 മീറ്റര്‍ വീതിയിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്. വിള്ളല്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിന് നൂറ് മീറ്റര്‍ ദൂരം മാറി മറ്റൊരു ഭാഗത്തും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്.
കണ്ണൂരില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തളിപ്പറമ്പ് കുപ്പത്താണ് സംഭവം. ദേശീയപാതയില്‍ നിന്നുള്ള മണ്ണ് വീടുകളിലേക്ക് വ്യാപകമായി എത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. ആര്‍ടിഒ അടക്കം വിഷയത്തില്‍ ഇടപെട്ടതോടെയാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.
മണ്ണിടിച്ചിലില്‍ അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.