ഇന്ത്യയിലെ ആപ്പിൾ ഉപഭോക്താക്കൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-IN) ആണ് ആപ്പിൾ ഡിവൈസുകളുടെ വിവിധ ശ്രേണികളിൽ കണ്ടെത്തിയ ഒന്നിലധികം അപകടസാധ്യതകളെക്കുറിച്ച് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ്, വാച്ച്എസ്, ടിവിഒഎസ്, വിഷൻഓഎസ് തുടങ്ങിയവ ഉൾപ്പെടെ നിരവധി ആപ്പിൾ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയാണ് ഈ അപകടസാധ്യതകൾ ബാധിക്കുന്നത്. പ്രത്യേകിച്ച് ഏറ്റവും പുതിയ റിലീസുകളേക്കാൾ പഴയ പതിപ്പുകൾ പ്രവർത്തിക്കുന്ന ഡിവൈസുകൾ കൂടുതൽ അപകടസാധ്യതയിലാണ്. ഇതിൽ 18.6ന് മുമ്പുള്ള iOS പതിപ്പുകൾ, 17.9.9, 18.6ന് മുമ്പുള്ള ഐപാഡ്ഒഎസ് പതിപ്പുകൾ, 15.6ന് മുമ്പുള്ള മാക്ഒഎസ് സെക്കോയ പതിപ്പുകൾ, 14.7.7ന് മുമ്പുള്ള മാക്ഒഎസ് സൊനോമ പതിപ്പുകൾ, 13.7.7ന് മുമ്പുള്ള വെഞ്ച്വറ പതിപ്പുകൾ, 11.6ന് മുമ്പുള്ള വാച്ച്ഒഎസ് പതിപ്പുകൾ, 18.6ന് മുമ്പുള്ള ടിവിഒഎസ് പതിപ്പുകൾ, 2.6ന് മുമ്പുള്ള വിഷൻ ഒഎസ് പതിപ്പുകൾ എന്നിവ പ്രവർത്തിക്കുന്ന ഉപയോക്താക്കളെ ഈ ഭീഷണി കൂടുതൽ ബാധിക്കുന്നു.
അപകടസാധ്യതകൾ
ഹാക്കർക്ക് നിങ്ങളുടെ സെൻസിറ്റീവ് വിവരങ്ങളിലേക്ക് അനധികൃത ആക്സസ് നേടാനും, സിസ്റ്റം ഡാറ്റ കൈകാര്യം ചെയ്യാനും, സേവനങ്ങൾ തടസ്സപ്പെടുത്താനും, ഡിവൈസുകളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും.
ടൈപ്പ് കൺഫ്യൂഷൻ, ഇന്റിജർ, ബഫർ ഓവർഫ്ലോകൾ, റേസ് കണ്ടീഷൻ, ലോജിക് പ്രശ്നങ്ങൾ, അനുചിതമായ ഇൻപുട്ട് വാലിഡേഷൻ, തെറ്റായ മെമ്മറി മാനേജ്മെന്റ്, തെറ്റായ പ്രിവിലേജ് ഹാൻഡ്ലിംഗ് തുടങ്ങിയ വിവിധ സാങ്കേതിക പ്രശ്നങ്ങളിൽ നിന്നാണ് ഈ അപകടഭീഷണികൾ ഉണ്ടാകുന്നത്.
അപകടസാധ്യതകൾ പരിഹരിക്കുന്നതിനായുള്ള പാച്ചുകൾ ആപ്പിള് പുറത്തിറക്കി. ഉപയോക്താക്കളോട് അവരുടെ സിസ്റ്റങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ഈ അപ്ഡേറ്റുകൾ ഉടനടി ഉപയോഗിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ പാച്ചുകൾ ആപ്പിളിന്റെ ഔദ്യോഗിക പിന്തുണാ ചാനലുകൾ വഴി ലഭ്യമാണ്. കൂടാതെ iOS, iPadOS, macOS, watchOS, tvOS, visionOS എന്നിവയ്ക്കുള്ള അപ്ഡേറ്റുകളിലേക്കുള്ള ലിങ്കുകൾ വഴി ഉപയോക്താക്കൾക്ക് ആപ്പിളിന്റെ വെബ്സൈറ്റിൽ അപ്ഡേറ്റ് വിശദാംശങ്ങൾ ലഭിക്കും. 124148, 124149, 124150, 124151, 124155, 124147, 124153, 124154 തുടങ്ങിയ ഐഡികളുള്ള പിന്തുണാ രേഖകളും ഇതിൽ ഉൾപ്പെടുന്നു.