വോട്ടര്‍പ്പട്ടികയിലെ ഗുരുതര പിഴവുകളിൽ ഉടന്‍ തിരുത്തൽ വേണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ആവശ്യപ്പെട്ടു. ബിജെപി ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ പരിഹരിച്ചില്ലെങ്കില്‍, ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിലുള്‍പ്പെടെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി അറിയിച്ചു.
തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാന രേഖയാണ് വോട്ടര്‍പ്പട്ടിക. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന കരട് വോട്ടര്‍പ്പട്ടികയില്‍ ഗുരുതര പിഴവുകളാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്. പലതും മനഃപൂര്‍വമായ ഇടപെടലിന്റെ ഭാഗമാണെന്നാണ് ബിജെപിയുടെ സംശയം. അട്ടിമറിക്ക് വേണ്ടി ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഇടതുമുന്നണി നടത്തുന്ന തിരക്കഥയുടെ ഭാഗമാണ് ചരിത്രത്തില്‍ ഇല്ലാത്ത തരത്തിലുള്ള പ്രശ്നങ്ങള്‍ വോട്ടര്‍പ്പട്ടികയില്‍ കടന്നുകൂടിയത്.
പ്രശ്നങ്ങള്‍ എത്രയുംവേഗം പരിഹരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേ വോട്ടര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് പലയിടങ്ങളില്‍ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തത് ഗുരുതര ക്രിമിനല്‍ കുറ്റകൃത്യമാണ്. ആള്‍മാറാട്ടം, രേഖകളില്‍ തിരിമറി കാണിക്കുക തുടങ്ങിയ എല്ലാ കുറ്റങ്ങളും ഇതിന്റെ ഭാഗമായി വരും. അടിയന്തരമായി ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അനൂപ് ആന്റണി ആവശ്യപ്പെട്ടു.
തിരുവനന്തപുരം നഗരസഭയിലെ വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ഇന്നലെ ബിജെപി പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ ഈ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍, ഹൈക്കോടതിയിലുള്‍പ്പെടെ നിയമനടപടികളുമായി മുന്നോട്ടുപോകാനും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുമാണ് ബിജെപിയുടെ തീരുമാനം ബിജെപി ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.