അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണി മുന്നിൽ നിൽക്കുമ്പോഴും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിലെ യ സംഭവവികാസങ്ങളും ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും ഉൾപ്പെടെ ധാരാളം പ്രധാന വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തിയതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
‘യുക്രൈനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പുടിൻ പങ്കുവെച്ചു. ഇന്ത്യ-റഷ്യ ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും വിലയിരുത്തി. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിച്ചു’. ഈ വർഷം അവസാനം പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ആദ്യം ഇന്ത്യയുടെ മേൽ 25 ശതമാനം തീരുവയായിരുന്നു ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാവാത്തതിനെ തുടർന്ന് 25 ശതമാനം തീരുവകൂടി അധികമായി ചുമത്തി.
ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്ന തീരുവ 50 ശതമാനമായി ഉയർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ ട്രംപ് ഒപ്പുവെക്കുകയും ചെയ്തിരുന്നു.