ഒരു സ്ത്രീയെ ബലമായി ഇരുചക്രവാഹനത്തിന് പിന്നിലേക്ക് കയറ്റാന്‍ ശ്രമിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
ധര്‍മ്മസ്ഥലയ്ക്ക് സമാനമായി ഉത്തര്‍പ്രദേശില്‍ നടന്ന കൊലപാതകമാണെന്നും കൊല്ലപ്പെട്ട സ്ത്രീയെ മറവുചെയ്യാന്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണെന്നും പോസ്റ്റില്‍ പറയുന്നു. ധർമ്മസ്ഥല സംഭവവുമായി ബന്ധപ്പെടുത്തിയാണ് ഈ പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. പോസ്റ്റ് ഇങ്ങനെ
“ധര്‍മ്മസ്ഥല..!
സാധാരണക്കാരായ സ്ത്രീകളെയും ദളിത് കുഞ്ഞുങ്ങളേയുമൊക്കെ കൊന്ന് കുഴിച്ചിടുന്നതും കത്തിക്കുന്നതും അങ്ങ് UP യിലൊക്കെ ഒരു സാധാരണ കാര്യമാണ്.. ചിലര്‍ ഇവിടേ പറ്റില്ലെന്ന് പറയും.. അപ്പൊ ആളില്ലാത്ത വേറൊരു സ്ഥലത്ത് കൊണ്ട് പോയി കുഴിച്ചിടും..
എന്നാല്‍, ഈ പ്രചരിക്കുന്ന വീഡിയോ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതല്ലെന്നാണ് കണ്ടെത്തൽ. രാജസ്ഥാനിലെ ഖൈത്തല്‍-തിജാര ജില്ലയിലുള്ള ഭിവാഡിയില്‍ പൊലീസ് പരിശോധനയ്ക്കിടെ അബോധാവസ്ഥയിലായ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണിത്.
വീഡിയോയില്‍ രാജസ്ഥാനിലെ ഭിവാഡിയില്‍ നടന്ന സംഭവമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
തിജാര (Khairthal-Tijara) ജില്ലയിലെ ഭിവാഡിയില്‍ (Bhiwadi) അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഈ സംഭവമുണ്ടായത്. പരിശോധനയ്ക്കിടെ വയലില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഒരു സ്ത്രീ ബോധരഹിതയായി വീഴുകയായിരുന്നു. പൊലീസുകാര്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കാനായി ഇരുചക്രവാഹനത്തില്‍ കയറ്റുകയായിരുന്നു.
സ്ത്രീയെ ബൈക്കില്‍ ഇരുത്തി കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഉള്‍പ്പെടെ തടഞ്ഞു. പ്രദേശവാസികളുടെ എതിര്‍പ്പ് നടക്കുമ്പോള്‍ പകര്‍ത്തിയ വീഡിയോയാണിത്.