കുവൈത്തിലെ റോഡുകളിലൂടെ അമിത വേഗത്തിൽ വാഹനമോടിക്കുന്നവർക്ക് ഇനി പണി വഴിയേ വരും. നിങ്ങളെ കുവൈറ്റ് ട്രാഫിക് പൊലീസിന്റെ റഡാർ യൂണിറ്റുകൾ നിരീക്ഷിക്കുന്നുണ്ടാകും. നിയമ ലംഘനം കണ്ടത്തുകയാണെങ്കിൽ പിഴയും അതിനൊപ്പം തന്നെ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികളും നേരിടേണ്ടിവരുമെന്ന് ചുരുക്കം. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന് വേണ്ടിയും നിലവിലുള്ള ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിനും ലക്ഷ്യമിട്ട് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ആണ് പുതിയ രീതി നടപ്പാക്കിയിരിക്കുന്നത്.
രാജ്യത്തെമ്പാടുമുള്ള വിവിധ ഹൈവേകളിൽ കഴിഞ്ഞ ദിവസം മൊബൈൽ റഡാർ യൂണിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. അമിത വേഗതയിൽ വാഹനമോടിച്ച 118 പേർ പരിശോധനയിൽ കുടുങ്ങി. നിയമം ലംഘിച്ചതിന് ഇവർക്ക് നോട്ടീസും നൽകിയിട്ടുണ്ട്. മുൻപ് കേസുകളിൽ പ്രതികളായ മൂന്ന് പേരെ പരിശോധനയിൽ അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നത്തിനായി പരിശോധനകൾ തുടരുമെന്നും ട്രാഫിക് പൊലീസ് വ്യക്തമാക്കി.
വാഹത്തിരക്ക് ഇല്ലാത്ത പ്രധാന ഹൈവേകളിൽ പരമാവധി വേഗതയും കടന്ന് വാഹനമോടിക്കുന്നവരെയാണ് റഡാർ യൂണിറ്റുകൾ കണ്ടെത്തുക. അമിത വേഗത്തിലാണ് നിങ്ങളുടെ വാഹനമെന്ന് കണ്ടെത്തിയാൽ തൊട്ടടുത്തുള്ള ഹൈവേ പൊലിസിന് വിവരം നൽകും. അവർ നിങ്ങളുടെ പിറകെ വന്ന ശേഷം വാഹനം നിർത്താൻ ആവശ്യപ്പെടും. മാത്രമല്ല ഇതിന് പിന്നാലെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചു എന്ന വിവരം നിങ്ങളെ അറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.