സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ദുരൂഹതയെന്ന്ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗോവിന്ദച്ചാമി ജയില്‍ ചാടിയതാണോ അതോ ചാടിച്ചതാണോ എന്ന് സംശയമുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ഗോവിന്ദച്ചാമി ജയില്‍ ചാടിയ സമയം, പൊലീസില്‍ വിവരം അറിയിക്കുന്ന സമയം, ഫെന്‍സിംഗിലെ വൈദ്യുതി ഓഫ് ചെയ്തതതിലെ ദുരൂഹത എന്നിവ ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ രംഗത്തെത്തിയത്.
‘കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി ജയില്‍ ചാടിയത് രാത്രി ഒന്നേ കാലിന്. ജയില്‍ അധികൃതര്‍ അതറിയുന്നത് പുലര്‍ച്ചെ അഞ്ചേ കാലിന്. പൊലീസില്‍ വിവരം അറിയിക്കുന്നത് കാലത്ത് ഏഴേ കാലിന്. മതിലില്‍ വൈദ്യുതി ഫെന്‍സിംഗ്. ജയില്‍ ചാടുമ്പോള്‍ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു. സര്‍വ്വത്ര ദുരൂഹത. ജയില്‍ ചാടിയതോ ചാടിച്ചതോ? ജയില്‍ ഉപദേശക സമിതിയില്‍ പി. ജയരാജനും തൃക്കരിപ്പൂര്‍ എംഎല്‍എയും.’ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടി പ്പോയത്.ജയില്‍ച്ചാട്ടത്തില്‍ ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടി.