വര്‍ഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഒപ്പുവെക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. സ്വതന്ത്ര വ്യാപാര കരാര്‍ നിലവിൽ വരുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കോടിക്കണക്കിന് വ്യാപാര-നിക്ഷേപ അവസരങ്ങള്‍ക്ക് ആരംഭമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നരേന്ദ്ര മോദിയുടെ നാലാം യുകെ സന്ദര്‍ശനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള എഫ്ടിഎയില്‍ ഒപ്പുവെക്കുന്നത്. ജൂലായ് 25-ന് മാലിദ്വീപിലേക്ക് തിരിക്കുന്നതിനുമുമ്പ് നരേന്ദ്ര മോദി വിപുലമായ ചര്‍ച്ചകള്‍ക്കായി യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പം ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുക്കും.
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക കെട്ടുറപ്പില്‍ ഇത് പ്രധാന വഴിത്തിരിവാകും. എഫ്ടിഎ വഴിയുണ്ടാകുന്ന നേട്ടങ്ങളും നിരവധിയാണ്. 2022- ജനുവരിയില്‍ അന്നത്തെ യുകെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണിന്റെ കീഴിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ആ വര്‍ഷം ദീപാവലിയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്.
2025 മേയിലാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിച്ചത്. ‘ചരിത്രപരമായ കരാര്‍’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ വിശേഷിപ്പിച്ചത്. പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ നടപ്പാക്കുന്ന ആദ്യത്തെ പ്രധാന എഫ്ടിഎ ആണിത്. ബ്രിട്ടനില്‍ നിന്നും പുറത്തുവന്നതിനുശേഷം (ബ്രക്‌സിറ്റ്) യുകെ നടപ്പിലാക്കുന്ന നാലാമത്തെ കരാറാണിത്. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, നിക്ഷേപം, ബൗദ്ധികസ്വത്തവകാശം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനുപുറമെ ഒരു പ്രത്യേക ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയില്‍ (ബിഐടി) എത്തിച്ചേരുന്നതിനുള്ള ചര്‍ച്ചകളും ഇന്ത്യയും യുകെയും നടത്തുന്നുണ്ട്.
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യപാര കരാര്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് വലിയ പ്രോത്സാഹനമാകുമെന്നാണ് റിപ്പോർട്ട് . ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് കയറ്റി അയക്കുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ഇതോടെ തീരുവയില്ലാതാകും. ഇത് നിലവിലുള്ള 4 ശതമാനം മുതല്‍ 16 ശതമാനം വരെ തീരുവ ഇല്ലാതാക്കും. പ്രത്യേകിച്ച് തുണിത്തരങ്ങള്‍, തുകല്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, വാഹന ഘടകങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിക്ക് ഇത് ഗുണം ചെയ്യും.
യുകെയില്‍ നിന്നും ഇന്ത്യയിലേക്കുള്ള നിക്ഷേപവും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. യുകെ ഇതിനോടകം തന്നെ ഇന്ത്യയിലെ ആറാമത്തെ വലിയ വിദേശ നിക്ഷേപകരാണ്. ഇതുവരെ 36 ബില്യണ്‍ ഡോളറാണ് യുകെയില്‍ നിന്നും ഇന്ത്യന്‍ വിപണിയിലേക്ക് നിക്ഷേപിച്ചിട്ടുള്ളത്. സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ മാനുഫാക്ച്ചറിംഗ്, ഓട്ടോമൊബാല്‍സ്, ഇലക്ട്രിക് മൊബിലിറ്റി തുടങ്ങിയ മേഖലകളില്‍ പുതിയ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്.
നിരവധി പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ക്കും ഉടമ്പടി നേട്ടമാകും. വെല്‍സ്പണ്‍ ഇന്ത്യ, അരവിന്ദ് ലിമിറ്റഡ്, റിലാക്‌സോ, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ഇലക്ട്രിക്, ഭാരത് ഫോര്‍ജ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വ്യാപാര തടസങ്ങള്‍ കുറയുന്നത് യുകെ വിപണിയില്‍ സാന്നിധ്യം വ്യാപിപ്പിക്കാന്‍ ഈ കമ്പനികളെ സഹായിക്കും.