മകളില്ലാതെ വിപഞ്ചിക ഇന്ന് നാട്ടിലേക്ക് . ഷാര്‍ജയില്‍ മരിച്ച കേരളപുരം സ്വദേശി വിപഞ്ചിക മണിയന്റെ (33) സംസ്കാരം ഇന്നു കുണ്ടറയില്‍ നടത്തും. ഭര്‍ത്താവ് നിതീഷും വിപഞ്ചികയുടെ ബന്ധുക്കളുമായി ധാരണയായതോടെ മകള്‍ വൈഭവിയുടെ മൃതദേഹം 17നു ദുബായില്‍ സംസ്കരിച്ചിരുന്നു. നിയമ പരമായ അധികാരം ഉപയോഗിച്ച് നിതീഷ്, മകളുടെ സംസ്കാരം ഷാര്‍ജയില്‍ നടത്തുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മാതൃസഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപര്‍ണികയില്‍ എത്തിച്ച് വൈകിട്ടോടെ സംസ്കാരം നടത്തും. ഷാര്‍ജയിലായിരുന്ന അമ്മ ഷൈലജ, സഹോദരന് വിനോദ് എന്നിവരും മറ്റു ബന്ധുക്കളും മൃതദേഹത്തിനൊപ്പം നാട്ടിലെത്തി. ഭര്‍ത്താവ് നിതീഷിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്ന ബന്ധുക്കളുടെ ആരോപണം ഉയര്‍ന്നതോടെയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നീണ്ടത്. മകള്‍ വൈഭവിയുടെ മൃതദേഹം 17നു ദുബായില്‍ സംസ്കരിച്ചിരുന്നു.
വിപഞ്ചിക പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭര്‍ത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനന് എന്നിവരില്‍ നിന്ന് കൊടിയ പീഡനം നേരിടുകയാണെന്ന വിവരം പുറത്തറിഞ്ഞത്. ഇതിനിടെയാണ് വിവാഹ മോചനം വേണമെന്നാവശ്യപ്പെട്ട് നിതീഷ് വക്കീല്‍ നോട്ടിസ് അയച്ചത്. ഇതായിരിക്കാം ആത്മഹത്യയുടെ കാരണം എന്നാണ് കുടുംബം കരുതിയത്. ഇതിനിടെയാണ് ആത്മഹത്യക്കുറിപ്പ് ലഭിച്ചത്.
2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവന്തുരുത്ത് വലിയവീട്ടില്‍ നിതീഷുമായുള്ള വിവാഹം. വിവാഹം ആഡംബരമായി നടത്തിയില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാര്‍ ലഭിച്ചില്ലെന്നും ആരോപിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കാണിച്ചുള്ള ആത്മഹത്യക്കുറിപ്പു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു.