മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് നടൻ ഹരീഷ് പേരടി. അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റല്ലെന്നും നമ്മള്‍ പഠിക്കേണ്ട ആദ്യ കമ്യൂണിസ്റ്റ് പാഠപുസ്തകമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘അതെ, അയാൾ ഒന്നിൻ്റെയും അവസാനത്തെ കണ്ണിയല്ല. മറിച്ച് തുടർന്നുകൊണ്ടിരിക്കുന്ന എല്ലാ ശീലങ്ങളെയും തച്ച് തകർത്ത് പുതിയതിനെ പ്രതിഷ്ഠിക്കാൻ എപ്പോഴും മുന്നിൽ നിൽക്കുന്ന തുടക്കത്തിൻ്റെ നേതാവായിരുന്നു. അതുകൊണ്ട് അയാൾ അവസാനത്തെ കമ്മ്യൂണിസ്റ്റല്ല …മറിച്ച് വർത്തമാനകാലത്തെ ജനകീയ സമരങ്ങളെ ഫാസിസ്റ്റ് മൂരാച്ചി മനോഭാവത്തോടെ തള്ളികളയാൻ തുടങ്ങുമ്പോൾ നമ്മൾ പഠിക്കേണ്ട ആദ്യ കമ്മ്യൂണിസ്റ്റ് പാഠപുസ്തകമാണ്.
അയാൾ അവസാനത്തെ മനുഷ്യനല്ല..മറിച്ച് മനുഷ്യത്വം വിളമ്പാൻ ഇറങ്ങുന്നതിനുമുമ്പ് നമ്മുടെ കൈയ്യിലെ രക്തകറയുടെ മാലിന്യം കഴുകി കഴുകി കളയേണ്ട ശുദ്ധജലമാണ്. എങ്ങിനെയാണ് സ്വയം നവീകരിക്കപ്പെടേണ്ടത് എന്ന് നമ്മളെ എപ്പോഴും ഓർമ്മപ്പെടുത്തുന്ന ഒരു സമയ ഗോപുരമാണ്…അങ്ങനെയാണയാൾ പാവപ്പെട്ട മനുഷ്യരുടെ കണ്ണായത്…അവരുടെ കാഴ്ചപ്പാടുകളുടെ അകകാമ്പായ കരളായത്…ലാൽസലാം സഖാവേ’, ഹരീഷ് പേരടിയുടെ വാക്കുകൾ.