വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം നടക്കാനിരുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരം റദ്ദാക്കിയിരുന്നു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കളിക്കില്ലെന്ന് നിലപാടെടുത്ത് ഹര്‍ഭജന്‍ സിങ് അടക്കമുള്ള താരങ്ങള്‍ പിന്മാറിയതോടെയാണ് മത്സരം റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. സംഭവത്തില്‍ സംഘാടകര്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. പിന്നാലെ ശിഖർ ധവാൻ പാകിസ്ഥാനുമായുള്ള മത്സരത്തിൽ നിന്ന് പിന്മാറുന്നുവെന്ന് താൻ മുമ്പേ അറിയിച്ചതായുള്ള ഈമെയിലും പുറത്തുവിട്ടു. ഇതോടെ ഷാഹിദ് അഫ്രീദി അദ്ദേഹത്തിനെതിരെ പരോക്ഷമായി സംസാരിക്കുകയും ചെയ്തിരുന്നു, ശിഖർ ധവാനെ ചീമുട്ടയെന്നാണ് അഫ്രീദി വിശേഷിപ്പിച്ചത്.
ഇപ്പോഴിതാ പാക് താരം ഷാഹിദ് അഫ്രീദിയും ബോളിവുഡ് താരം അജയ് ദേവ്ഗണും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ അഫ്രീദിക്കൊപ്പം ചിരിച്ചുകളിച്ച് സംസാരിക്കുന്ന അജയ് ദേവ്ഗണിന്റെ ചിത്രങ്ങളാണ് എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായത്.
ദേശസ്‌നേഹം ആരാധകര്‍ക്കുമാത്രമാണെന്നും സെലിബ്രിറ്റികള്‍ക്ക് ദേശഭക്തിയെന്നത് പിആറില്‍ മാത്രം ഒതുങ്ങിപ്പോവുമെന്നും തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ബിഗ് സ്‌ക്രീനില്‍ പട്ടാളക്കാരനായും പൊലീസുകാരനായും ദേശസ്‌നേഹം ചൊരിയുന്ന ദേവ്ഗണ്‍ ജീവിതത്തില്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നുമാണ് മറ്റൊരു പോസ്റ്റ്. രണ്ടുവള്ളത്തിൽ കാലു ചവിട്ടിയാണ് ദേവ്ഗണിന്റെ പോക്കെന്നും പരിഹാസരൂപേണ കുറിക്കുന്നവരുണ്ട്.
എന്നാല്‍ ഇതൊരു പഴയ ചിത്രമാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2024 ലെജന്ഡ്സ് ടൂര്‍ണമെന്‍റ് അരങ്ങേറുന്ന സമയത്ത് ഗ്രൌണ്ടില്‍ കണ്ട് മുട്ടിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോഴത്തേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. ഇത് മനസ്സിലാക്കാതെയാണ് താരത്തിന് നേരെ സൈബര്‍ ആക്രമണം നടത്തുന്നത്.