ഷാർജയിൽ ഭർതൃപീഢനത്തെത്തുടർന്ന് ജീവനൊടുക്കിയ വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. 12 ദിവസത്തിന് ശേഷം മൃതദേഹം നാളെ രാവിലെ 10 ന് ഷാർജയിൽ എംബാം ചെയ്യും. തുടർന്ന് നാളെ വൈകിട്ട് 5.40നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവർ മൃതദേഹത്തെ അനുഗമിക്കും.
ഒന്നര വയസ്സുകാരി വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന്റെ ആഗ്രഹപ്രകാരം കഴിഞ്ഞ ദിവസം ദുബായ് ജബൽഅലി ന്യൂ സോണാപൂർ ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. നാട്ടിലെത്തിച്ച ശേഷം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ ആവശ്യപ്പെടുമെന്ന് ഷൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ചൊവ്വഴ്ച( ഈ മാസം 8)യായിരുന്നു ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകള്‍ വൈഭവിയെയും ഷാര്‍ജ അൽ നഹ്ദയിലെ ഫ്ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തുടർന്ന് വൈഭവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു.
കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറിൽ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ ഭർത്താവ് നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്.