പോരാട്ടവീര്യത്തിന്റെ മറ്റൊരു പേരാണ് വിഎസ് അച്യുതാനന്ദൻ. വിപ്ലവ ജീവിതത്തിലുടനീളം അതിക്രൂരമായ മര്‍ദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന് ഒരിക്കൽ ക്രൂരമായ പൊലീസ് മർദ്ദനമുറയ്ക്ക് ശേഷം മരിച്ചെന്ന് കരുതി അവർ ഉപേക്ഷിച്ചിടത്തുനിന്നാണ് കേരളത്തിന്റെ രാഷ്ട്രീയ തലപ്പത്തേക്ക് അദ്ദേഹം ഉയർന്നുവന്നത്. വിഎസിന്റെ ആത്മകഥയില്‍ പറയുന്ന ഈ രംഗങ്ങള്‍ കരളലിയിപ്പിക്കുന്നതാണ്. അമേരിക്കന്‍ മോഡല്‍ അറബിക്കടലിൽ എന്ന മുദ്രവാക്യമുയർത്തി സമരമുഖത്തേക്ക് എത്തുമ്പോൾ വെറും 23 വയസ്സുമാത്രമായിരുന്നു വി എസിന്റെ പ്രായം. നാട്ടുരാജ്യങ്ങളില്‍ ജനങ്ങള്‍ക്കു കൂടി പങ്കാളിത്തമുള്ള ഉത്തരവാദ ഭരണം വേണമെന്ന മുറവിളി, തിരുവിതാംകൂറിലും അലയടിക്കുന്നകാലമായിരുന്നു അത്. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമയുര്ത്തതി കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രക്ഷോഭരംഗത്തിറങ്ങി. ഇത് അടിച്ചമര്‍ത്താന്‍ സി.പി പ്രത്യേക പൊലീസ് സംഘത്തെ ഇറക്കി.
പൂഞ്ഞാറില്‍ വി.എസിനുവേണ്ടി പൊലീസ് വല വിരിച്ചിരിക്കുകയായിരുന്നു. ഒക്ടോബര്‍ 28ന് പൂഞ്ഞാറില്‍ അറസ്റ്റ് ചെയ്ത വി.എസിനെ പാലാ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യാനാരംഭിച്ചു. ആലപ്പുഴയില്‍ നിന്നടക്കമുള്ള സി.ഐ.ഡിമാര്‍ പാലാ സ്റ്റേഷനില്‍ എത്തിയിരുന്നു. ആലപ്പുഴയില്നിന്ന്എത്തിയ സ്പെഷല്‍ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇടിയന് നാരയണപിള്ള എന്ന പൊലീസുകാരനും ചേര്‍ന്ന് ചോദ്യം ചെയ്യലും മര്‍ദനവും ആരംഭിച്ചു. ‘കെ.വി പത്രോസും കെ.സി ജോര്‍ജും ഇ.എം.എസും എവിടെ” എന്നു ചോദിച്ചായിരുന്നു മര്‍ദനം.
എത്ര തല്ലിയിട്ടും മറുപടി ഇല്ലാതായതോടെ പീഡന മുറ മാറ്റി. ഒരിക്കലും മറക്കാത്ത ആ മര്‍ദനമുറയെക്കുറിച്ച് വി.എസ് എഴുതുന്നതിങ്ങനെ. ‘എന്റെ രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ അവര്‍ പുറത്തെടുത്തു. തുടര്‍ന്ന് ലോക്കപ്പ് അഴികള്‍ക്കു വിലങ്ങനെ രണ്ടുകാലിലുമായി ലാത്തിവെച്ചുകെട്ടി. പിന്നെ കാലിനടിയില്‍ അടി തുടങ്ങി. എത്ര വേദനിച്ചാലും കാലുകള്‍ അകത്തേക്ക് വലിക്കാനാവില്ലല്ലോ. മര്‍ദനങ്ങള്‍ക്കുശേഷം ലോക്കപ്പ് പൂട്ടി. കുറച്ചു പൊലീസുകാര്‍ ലോക്കപ്പിനു പുറത്തും ഞാന്‍ അകത്തും പുറത്തുമല്ല എന്ന അവസ്ഥയിലും. ലോക്കപ്പിനുള്ളിലെ പൊലീസുകാര്‍ തോക്കിന്റെ പാത്തി കൊണ്ട് ഇടിച്ചു. ആ സമയം പുറത്തുള്ളവര്‍ കാല്പാദങ്ങളില് ചൂരല്‍ കൊണ്ട് അടിച്ചു. ഇതിനിടെ ഒരു പൊലീസുകാരന് തോക്കില്‍ ബയണറ്റ് പിടിപ്പിച്ച് എന്റെ ഉള്ളംകാലില്‍ കുത്തി. കാല്പാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി. ചോര ഭിത്തിയിലേക്ക് ചീറ്റിത്തെറിച്ചു. എന്റെ ബോധം പോയി.
പിന്നീട് കണ്ണു തുറക്കുമ്പോള്‍ പാലാ ആശുപത്രിയിലാണ്” ‘സമരംതന്നെ ജീവിതം’ എന്ന ആത്മകഥയില്‍ വി.എസ് പറയുന്നു. മരിച്ചെന്ന് കരുതിയ വിഎസിനെ കാട്ടിലുപേക്ഷിക്കാനാണ് ആദ്യം പാലീസുകാര്‍ തീരുമാനിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന കള്ളന്മാരെയും ഒപ്പം കൂട്ടി. കാട്ടിലെത്തുമ്പോള്‍ വിഎസിന് നേരിയ ശ്വാസമുണ്ടെന്ന് കള്ളന് കോലപ്പന് മനസ്സിലായി. ജീവനുള്ളയാളെ കാട്ടിലുപേക്ഷിക്കാന്‍ ആവില്ലെന്ന് കോലപ്പന് നിര്‍ബന്ധം പിടിച്ചതോടെയാണ് മൃതപ്രായനായ വിഎസിനെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുന്നത്. ബയണറ്റ് തറഞ്ഞു കയറിയ ആ കാല് നിലത്തുകുത്താന്‍ ഒന്‍പത് മാസം വേണ്ടി വന്നു. രാജവാഴ്ചയ്ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഒരു വര്‍ഷം തടവ് ആദ്യം തന്നെ കോടതി വിധിച്ചിരുന്നു.