വർഗീയ പരാമർശം നടത്തിയെന്ന ആരോപണത്തിന് പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തന്നെ വേട്ടയാടുകയാണ് എന്ന് വെള്ളാപ്പള്ളി ആരോപിച്ചു. കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയുമെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി.
കൊച്ചിയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് വെള്ളാപ്പള്ളി തന്റെ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി പറഞ്ഞത്. സംഘടിത വോട്ട് ബാങ്ക് സമുദായങ്ങൾ പടർന്നുപന്തലിച്ചുവെന്നും ഇതോടെ അസംഘടിത സമുദായം തകർന്ന് താഴെ വീണെന്നും പറഞ്ഞ അദ്ദേഹം തനിക്കെതിരെ കേസെടുക്കാനും ആവശ്യപ്പെട്ടു.
‘ഞാനാണോ ഇവിടെ വർഗീയത പരത്തുന്നത്. എന്റെ സമുദായത്തിന് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. എന്തെങ്കിലും പറഞ്ഞാൽ ഇടതും വലതും ഒന്നാകും. ചെയ്യുന്നതിനെല്ലാം മിണ്ടാതെ നിന്നാൽ അത് മതസൗഹാർദ്ദമാവും. എന്തെങ്കിലും പറഞ്ഞാൽ മതവിദ്വേഷമാണെന്നാണ് ആക്ഷേപിക്കുന്നത്’. ‘മലപ്പുറം ജില്ലയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും നമുക്കില്ല. മുട്ടാളൻമാരുടെ മുന്നിൽ ഒരിക്കലും മുട്ടുമടിക്കില്ല. ക്രിസ്ത്യാനിയും മുസ്ലീമും നായരും നന്നായി തന്നെ ജീവിക്കണം. മുസ്ലീങ്ങൾക്കിടയിൽ പല കാര്യങ്ങളിൽ തർക്കമുണ്ടെങ്കിലും സമുദായകാര്യങ്ങൾ വരുമ്പോൾ അവർ ഒന്നാണ്. മുസ്ലീം ലീഗ് മതേതര പാർട്ടിയാണെന്ന് പറയുന്ന നില വരെ എത്തിയിരിക്കുകയാണ് കാര്യങ്ങൾ’ ഒരു ഈഴവനെയും ഇവിടെ വളരാൻ അനുവദിക്കുന്നില്ലെന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി പറയുന്നത്. കേരളത്തിൽ ആർ ശങ്കറിനെയും വിഎസ് അച്യുതാനന്ദനെയും ഗൗരിയമ്മയെയും ആക്രമിച്ചില്ലേ? പിണറായി വിജയന് ശേഷം ഇനി ഒരു 100 കൊല്ലത്തേക്ക് ഒരു ഈഴവൻ കേരളത്തിൽ മുഖ്യമന്ത്രിയാകില്ലെന്നാണ് തോന്നുന്നത്; വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.
കേരളത്തിൽ സാമ്പത്തിക സാമൂഹിക സർവേ നടത്തണമെന്ന ആവശ്യവും വെള്ളാപ്പള്ളി ഉന്നയിച്ചു. കാന്തപുരം പറയുന്നത് നോക്കി ഭരിച്ചാൽ മതി എന്ന നിലയിലേക്ക് സർക്കാർ എത്തിയെന്നും മലപ്പുറത്ത് പോയി ചോദിച്ചിട്ട് ചെയ്തില്ലെങ്കിൽ കുഴപ്പമാണെന്നും വെള്ളാപ്പള്ളി പറഞ്ഞതാണ് വിവാദമായത്.