കൊല്ലം സ്വദേശി അതുല്യയ്ക്ക് ഭര്‍ത്താവ് സതീഷില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തല്‍. അതുല്യ മരിക്കുന്നതിന് മുന്‍പ് സുഹൃത്തിനയച്ച സന്ദേശത്തിലാണ് സതീഷിന്റെ ക്രൂരതകള്‍ തുറന്നുപറയുന്നത്. തന്നെ അയാള്‍ ചവിട്ടി കൂട്ടി, ജീവിക്കാന്‍ പറ്റുന്നില്ലെന്നും സുഹൃത്തിനയച്ച സന്ദേശം ചില സൂചനകള്‍ നല്‍കുന്നുണ്ട്.
ആത്മഹത്യ ചെയ്യാന്‍ ധൈര്യമില്ലാത്തത് കൊണ്ട് ചെയ്യാനാകുന്നില്ലെന്നും അതുല്യ ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ പിന്നീട് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതുല്യ ശേഖറിനെ (30) ഷാര്‍ജയിലെ താമസസ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
‘താഴെക്കിടക്കുമ്പോള്‍ ചവിട്ടിക്കൂട്ടി. സഹിക്കാന്‍ വയ്യ. അനങ്ങാന്‍ വയ്യ, വയറിലെല്ലാം ചവിട്ടി, ഇത്രയെല്ലാം കാണിച്ചിട്ടും അയാളുടെ കൂടെ നില്‍ക്കേണ്ട അവസ്ഥയാണ്. പറ്റുന്നില്ലെടീ, ആത്മഹത്യ ചെയ്യാന്‍ പോലുമുള്ള ധൈര്യം എനിക്കില്ല’. കരഞ്ഞുകൊണ്ട് ശബ്ദ സന്ദേശത്തില്‍ അതുല്യ പറയുന്നു. ഈ സന്ദേശമടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കുടുംബം പൊലിസിന് കൈമാറി.
അതുല്യയുടെ കല്യാണത്തിനുശേഷം പിറ്റേന്ന് തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്റെ ഭാഗത്ത് നിന്ന് ക്രൂരപീഡനം നേരിടേണ്ടി വന്നെന്നും, ആ ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും അതുല്യയുടെ സുഹൃത്ത് വെളിപ്പെടുത്തുന്നു. വിവാഹം കഴിഞ്ഞതുമുതല്‍ പ്രശ്‌നമുണ്ടായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. 48 പവന്‍ സ്വര്‍ണ്ണമിട്ടായിരുന്നു അതുല്യയുടെ വിവാഹം. സതീഷിന് നല്‍കിയത് ഉള്‍പ്പെടെ അമ്പത് പവനില്‍ അധികം വീട്ടുകാര്‍ നല്‍കി. ഈ സ്വര്‍ണ്ണമെല്ലാം സതീഷ് വിറ്റുനശിപ്പിച്ചെന്നും ആരോപണമുണ്ട്.