വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്ഥാൻ മത്സരം റദ്ദാക്കി. പാകിസ്ഥാനൊപ്പം കളിക്കില്ലെന്ന് ഹര്‍ഭജന്‍ സിങ് അടക്കമുള്ള ഇന്ത്യൻ താരങ്ങള്‍ തീരുമാനിച്ചതോടെയാണ് മത്സരം റദ്ദാക്കിയത്. പിന്നാലെ ക്ഷമ ചോദിച്ച് സംഘാടകരും രംഗത്തുവന്നു.
ജമ്മു കശ്മിരീലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് പാകിസ്താന്‍ നടത്തിയ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതാണ് മത്സരം റദ്ദാക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. മത്സരം നടത്തുന്നതിനെതിരെ വലിയ രീതിയില്‍ ആരാധകപ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്, യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍ എന്നിവര്‍ പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. റെവ്‌സ്‌പോര്‍ട്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായുള്ള ടൂര്‍ണമെന്റാണ് വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ്. കഴിഞ്ഞ വര്‍ഷം നടന്ന ടൂര്‍ണമെന്റിന്റെ ആദ്യ പതിപ്പില്‍ യുവരാജ് സിങ് നയിച്ച ഇന്ത്യ ചാംപ്യന്‍സ് ജേതാക്കളായിരുന്നു. രണ്ടാം പതിപ്പിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ജൂലൈ 20ന് എഡ്ജ്ബാസ്റ്റണില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നിശ്ചയിച്ചിരുന്നത്. ഇത്തവണയും യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം കളത്തിലെത്തുക.
വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീം
യുവരാജ് സിങ് (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്ന, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, പിയൂഷ് ചൗള, സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍, വിനയ് കുമാര്‍, അഭിമന്യു മിഥുന്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഗുര്‍കീരത് മന്‍.