മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് സംവിധായകനും നടനുമായ ജോയ് മാത്യു. ഓഗസ്റ്റിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച താരം മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവർ സംഘടനയുടെ നെടുംതൂണായി എല്ലാക്കാലവും ഒപ്പമുണ്ടാവുമെന്നും പറഞ്ഞു. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.
കേസിൽ പ്രതികളായി എന്നത് കൊണ്ട് ആരോടും മത്സരിക്കരുതെന്ന് പറയാൻ കഴിയില്ലെന്നും സംഘടനയിൽ അങ്ങനെയൊരു നിയമം ഇല്ലെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി. ‘മത്സരിക്കാനാണ് ഞാൻ ആലോചിക്കുന്നത്. കേസുണ്ടെങ്കിൽ അതിന്റെ പേരിൽ അ ങ്ങനെ ആരും മാറി നിൽക്കേണ്ട കാര്യമൊന്നുമില്ല. സംഘടനയുടെ ബൈലോയിൽ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ല. നിങ്ങളൊരു ക്രിമിനൽ കേസിൽ പ്രതിയായത് കൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നൊന്നും പറഞ്ഞിട്ടില്ല’ ജോയ് മാത്യു പറയുന്നു.
അതൊക്കെ അവരവർക്ക് തോന്നേണ്ട കാര്യമാണ്. മനസാക്ഷിക്ക് അനുസരിച്ചുള്ള തീരുമാനമാണ് എടുക്കേണ്ടത്. ജനാധിപത്യ രീതിയിലുള്ള, നല്ലൊരു ഭരണം കാഴ്ചവയ്ക്കണം. അതാണ് ശരിക്കും വേണ്ടത്. നമ്മൾ പറയുന്നത് പോലെ നമ്മുടെ വിശ്വാസ്യത മോശമാവാതെ നോക്കുക. തൊട്ടതിനും പിടിച്ചതിനും ഒക്കെ ആക്രമിക്കപ്പെടാം, കേസുകൾ വരാം. അതുകൊണ്ട് ഒഴുക്കിനെതിരെ നീന്തി ശക്തമായി മുന്നോട്ട് പോവുന്ന ഒരു ഭരണ സമിതി വേണം; അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയൻ സ്വഭാവത്തിലേക്ക് അമ്മ എന്ന സംഘടന മാറേണ്ടതില്ല. കാരണം ഇതൊരു ചാരിറ്റബിൾ ഓർഗനൈസേഷനാണ്.
. ട്രേഡ് യൂണിയൻ വേറെ ഉണ്ടാക്കും. തൊഴിലെടുക്കുന്നവർ മുൻനിരയിൽ ഉള്ള സംഘടനയാണെങ്കിൽ ഞാനും അതിനൊപ്പം ഉണ്ടാവും. അല്ലാതെ ഒരാളെ പുറത്തു നിന്ന് ഇറക്കുമതി ചെയ്ത് നേതാവാക്കിയിട്ട് ഒരു കാര്യവുമില്ല; ജോയ് മാത്യു വ്യക്തമാക്കി.