പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നടന്ന ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവച്ചിട്ടുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . വൈറ്റ് ഹൗസിൽ റിപബ്ലിക്കൻ നിയമസഭാംഗങ്ങൾക്കൊപ്പമുള്ള സ്വകാര്യ അത്താഴവിരുന്നിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. എന്നാൽ ഏതു രാജ്യത്തിന്റെ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.
‘‘ഞങ്ങള്‍ കുറച്ചു യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നം ഗുരുതരമായിരുന്നു. വിമാനങ്ങള്‍ വെടിവച്ചിടുകയായിരുന്നു. യഥാര്‍ഥത്തില്‍ അഞ്ച് ജെറ്റുകള്‍ വെടിവച്ചിട്ടെന്നാണ് തോന്നുന്നത്. രണ്ടും ആണവ രാജ്യങ്ങളാണ്. അവര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പുതിയ യുദ്ധമുഖം തുറക്കുന്നുവെന്നാണ് കരുതിയത്.
പക്ഷേ, ഇന്ത്യയും പാക്കിസ്ഥാനും വലിയ സംഘര്‍ഷവുമായി മുന്നോട്ടുപോകുകയായിരുന്നു. അത് വലുതായിക്കൊണ്ടിരുന്നു. ഒടുവില്‍ വ്യാപാര കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ അത് പരിഹരിച്ചു. നിങ്ങള്‍ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചു. നിപരസ്പരം ഏറ്റുമുട്ടാൻ ഒരുങ്ങുകയാണെങ്കിൽ വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരെയും അറിയിച്ചു’’ – ഡോണൾഡ് ട്രംപ് പറയുന്നു.
ഇന്ത്യ – പാക്ക് സംഘർഷം അവസാനിക്കുന്നതിനു തൊട്ടുമുൻപ് താൻ മധ്യസ്ഥത വഹിച്ചാണ് പ്രശ്നം പരിഹരിച്ചതെന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ ട്രംപിനെ തള്ളി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം ട്രംപിനോട് ഫോണിൽ സംസാരിച്ചിരുന്നു. ഇതിനു ശേഷമാണ് പുതിയ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തുന്നത്.