യെമനി പൗരനെ കൊലപ്പെടുത്തിയ കേസില്‍, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സന ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ തകൃതിയായി തുടരുന്നതിനിടെ, കടുത്ത നിലപാടിലാണ് തലാല്‍ അബ്ദോ മെഹ്ദിയുടെ സഹോദരന്‍. കുടുംബം ഇതുവരെ ആരെയും കണ്ടിട്ടില്ലെന്നും ആരുമായി സംസാരിച്ചിട്ടും വിളിച്ചിട്ടുമില്ലെന്നും മലയാളത്തില്‍ എഴുതിയ കുറിപ്പിന് പിന്നാലെ ഇംഗ്ലീഷില്‍ മറ്റൊരു കുറിപ്പ് കൂടി ഇദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
ഇന്ത്യന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നിമിഷപ്രിയയെ അനുകൂലിച്ചും തലാലിനെ വിമര്‍ശിച്ചും ഉള്ള വാര്‍ത്തകളും പോസ്റ്റുകളും തലാല്‍ കുടുംബത്തെ അസ്വസ്ഥരാക്കുന്നുണ്ട് സോഷ്യല്‍ മീഡിയയിലെ കുത്തിത്തിരിപ്പുകള്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് തടസ്സമാകുന്നുണ്ടെന്ന് കാന്തപുരത്തിന്റെ ഓഫീസ് തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഫത്താഹിന് പി. ആര്‍ സഹായം ലഭിക്കുന്നു എന്ന് സംശയിക്കുന്ന തരത്തിലുള്ളതാണ് ഇപ്പോഴത്തെ നീക്കങ്ങളെന്ന് മാധ്യമപ്രവര്‍ത്തകനായ ജംഷാദ് കെ ഫേസ്ബുക്കില്‍ കുറിച്ചു. തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഇപ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത് മലയാളത്തില്‍ ആണ്. ആദ്യമെല്ലാം അറബിയിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ഞാന്‍ വായിച്ചത്. ഇന്നലെ മുതല്‍ പോസ്റ്റില്‍ കേരളത്തിലെ വാര്‍ത്തകള്‍ പ്രത്യേകം എടുത്തു പറയാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ മലയാളികളുടെ പോസ്റ്റിന്റെ ലിങ്ക് ഉള്‍പ്പെടെ ഫത്താഹ് ഷെയര്‍ ചെയ്യാന്‍ തുടങ്ങി. ഗൂഗിള്‍ ട്രാന്‍സലേഷന്‍ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. കൃത്യമായി കേരളത്തില്‍നിന്ന് ഫത്താഹിന് പി. ആര്‍ സഹായം ലഭിക്കുന്നു എന്ന് സംശയിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ നീക്കങ്ങള്‍.മലയാളം ചാനലുകളില്‍ വരുന്ന പോസ്റ്ററുകള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ ഫത്താഹ് ഷെയര്‍ ചെയ്യുന്നത്.
ബി.ബി.സി (അറബി) ക്ക് നല്‍കിയ അഭിമുഖത്തിലും തലാലിനെ കുറ്റക്കാരനാക്കി നിമിഷപ്രിയയെ ഇരയാക്കി ചിത്രീകരിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് വളരെ രൂക്ഷമായാണ് അദ്ദേഹത്തിന്റെ സഹോദരന്‍ സംസാരിച്ചത്. എന്നിരുന്നാലും നിമിഷ പ്രിയക്ക് അദ്ദേഹവും കുടുംബവും മാപ്പുനല്‍കാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.