റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയില്ലെങ്കിൽ പത്തു ശതമാനം അധിക നികുതി ചുമത്തുമെന്ന യുഎസിന്റെ ഭീഷണി തള്ളി ഇന്ത്യ. ആവശ്യമുള്ള ക്രൂഡ് ഓയിൽ എവിടെ നിന്നും വാങ്ങും, അതിനുള്ള സ്വാതന്ത്ര്യം ഭാരതത്തിനുണ്ട്, കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി തുറന്നടിച്ചു. ഫസ്റ്റ്‌പോസ്റ്റ് എംഡി പാൽക്കി ശർമയുമായുള്ള അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ ഭീഷണി ഭാരതത്തിന് സമ്മർദമൊന്നുമുണ്ടാക്കുന്നില്ല. മാത്രമല്ല, ഭാരതത്തിന്റെ എണ്ണ ഇറക്കുമതി സാധ്യത വർദ്ധിക്കുകയാണുണ്ടായത്, അദ്ദേഹം പറഞ്ഞു.
ഒരു ദിവസം മാത്രം ആഗോളതലത്തിലെ എണ്ണയുടെ 10 ശതമാനവും സംഭാവന ചെയ്യുന്നത് റഷ്യയാണ്. അവരെ മാറ്റിനിർത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഒപെക് രാജ്യങ്ങളിൽ നിന്നു കൂടുതൽ രാജ്യങ്ങൾ എണ്ണ വാങ്ങാൻ തുടങ്ങിയാൽ എണ്ണവില ഉയരും. ബാരലിന് 130 മുതൽ 140 ഡോളർ വരെ ഉയരാം. ക്രൂഡ് ഓയിൽ സംബന്ധിച്ച് 11 വർഷത്തിനിടെ പല പ്രതിസന്ധികളുണ്ടായിട്ടും ഭാരതം അവയെല്ലാം അതിജീവിച്ചു.
പത്ത്, പതിനൊന്നു കൊല്ലം കൊണ്ട് ആഗോള ഊർജ്ജ വിപണിയിലെ വളർച്ചയിൽ 16 ശതമാനവും ഭാരതത്തിന്റെ സംഭാവനയാണ്. രണ്ടു പതിറ്റാണ്ടിനുള്ളിൽ വളർച്ചയുടെ 25 ശതമാനവും ഭാരതത്തിന്റേതാകും.
യൂറോപ്യൻ യൂണിയൻ റഷ്യയിൽ നിന്നാണ് പ്രകൃതി വാതകം (എൽഎൻജി) വാങ്ങുന്നത്. അവരാണ് റഷ്യൻ സിഎൻജിയുടെ ഏറ്റവും വലിയ ഉപയോക്താക്കളും. മൂന്ന് മാസം കൊണ്ടു വാങ്ങുന്ന എണ്ണയെക്കാൾ കൂടുതൽ എൽഎൻജിയാണ് അവർ (യൂറോപ്യൻ യൂണിയൻ) ഒരു ദിവസം വാങ്ങുന്നത്. മുമ്പ് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ പറഞ്ഞതുദ്ധരിച്ച് പുരി പറഞ്ഞു.