അഞ്ചുവയസുകാരിയായ സ്വന്തം മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അത് ഭർത്താവിന്റെ തലയിൽ കെട്ടിവക്കാൻ ശ്രമിച്ച യുവതിയും കാമുകനും അറസ്റ്റിൽ. യുപിയിലെ ലക്നൗവിലാണ് സംഭവം. റോഷ്നി, കാമുകന് ഉദിത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കുറ്റം റോഷ്നിയുടെ ഭർത്താവ് ഷാറൂഖിന്റെ മേൽ കെട്ടിവച്ച് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ പദ്ധതി.
ഷാറൂഖാണ് മകളെ കൊലപ്പെടുത്തിയതെന്നായിരുന്നു റോഷ്നി ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ ആരോപിച്ചിരുന്നത്. എന്നാൽ മൊഴികളില്‍ സംശയം തോന്നിയ പൊലീസ് പിന്നീട് വിശദമായി ചോദ്യം ചെയ്തതോടെ റോഷ്നിയും ഉദിതും കുറ്റം സമ്മതിക്കുകയായിരുന്നു.
കുഞ്ഞിന്റെ വായില്‍ തൂവാല തിരുകിക്കയറ്റി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ചയായിരുന്നു സംഭവം. ഷാറൂഖ് വീട്ടിലില്ലെന്നു മനസ്സിലാക്കിയ ഉദിത്, ഭക്ഷണവും ലഹരി വസ്തുക്കളുമായി റോഷ്നിയെ കാണാനെത്തിയിരുന്നു. അപ്പോൾ വീട്ടിൽ മകളുമുണ്ടായിരുന്നു. ഇരുവരും തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് മകൾ കണ്ടതോടെ കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ മരണം ഉറപ്പാക്കിയ ശേഷം പ്രതികൾ മൃതദേഹത്തിനരികെ ഇരുന്ന് മദ്യപിക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ശേഷം അവിടെ തന്നെ കിടന്നുറങ്ങിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പ്രതികൾ വളരെ കഠിനമായ മനസ്സിനുടമകളാണെന്നും ക്രൂരരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ഞ് കൊല്ലപ്പെട്ടുവെന്ന് ചൊവ്വാഴ്ചയാണ് റോഷ്നി പൊലീസിനെ അറിയിച്ചത്. ഷാറൂഖ് കെട്ടിടത്തിനുപുറത്ത് കൂടി വലിഞ്ഞുകയറി നാലാം നിലയിലെത്തി, വീടിനുള്ളില്‍ കടന്ന് കുഞ്ഞിനെ കൊലപ്പെടുത്തി എന്നായിരുന്നു റോഷ്നി നൽകിയ മൊഴി. എന്നാല്‍ അടുത്തിടെയുണ്ടായ അപകടത്തിന്റെ ഭാഗമായി കാലിന് ഗുരുതര പരിക്കേറ്റ ഷാറൂഖിന് നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നു മനസ്സിലാക്കി. പൊലീസ് റോഷ്നിയെ കസ്റ്റഡിയിലെടുത്ത് വീണ്ടും ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.