യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി ആറംഗ സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കണമെന്ന ആവശ്യമുന്നയിച്ച് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീംകോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ഈ ആവശ്യം ഉന്നയിക്കും. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളും രണ്ടു പേര്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിന്റെ പ്രതിനിധികളും രണ്ടു പേര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥരും ഇങ്ങനെ ഒരു സംഘത്തെ നിയോഗിക്കാനാണ് കൗണ്‍സില്‍ ആവശ്യപ്പെടുക.
ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി സുപ്രീം കോടതി അഭിഭാഷകനും കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍, കൗണ്‍സില്‍ ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെയും മര്‍കസ് പ്രതിനിധികളായി അന്താരാഷ്ട്ര തലത്തില്‍ ഇടപെടുന്ന മുസ്ലിം പണ്ഡിതന്‍ അഡ്വ. ഹുസൈന്‍ സഖാഫി, യെമന്‍ ബന്ധമുള്ള വ്യക്തിയായ ഹാമിദ് എന്നിവരെയും സംഘത്തില്‍ ഉള്‍പെടുത്തണമെന്നും ആവശ്യപ്പെടും.
തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാന്‍ ആവശ്യപ്പെടുന്നത്. ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ഈ മാസം 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിക്കുക. നിമിഷപ്രിയയുടെ കുടുംബവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് വാര്‍ത്തകള്‍ തള്ളി ഇന്നലെ തലാലിന്റെ സഹോദരന്‍ രംഗത്ത് വന്നിരുന്നു. കുറ്റവാളിയായ നിമിഷപ്രിയയെ ഇന്ത്യയിലേയും കേരളത്തിലേയും മാധ്യമങ്ങള്‍ പാവമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഫത്താഹ് അബ്ദുള്‍ മഹ്ദി വിമര്‍ശിച്ചു. വധശിക്ഷ തന്നെ നടപ്പാക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് മഹ്ദി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.