നാളെ സംസ്ഥാനത്ത് കെ എസ് യുവിന്റെ പഠിപ്പ് മുടക്ക് . കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് കെ എസ് യു സംസ്ഥാന വ്യാപകമായി നാളെ സ്കൂളുകളിൽ പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തേവലക്കര ബോയ്സ് സ്കൂളിലേക്ക് കെ എസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും മണ്ഡലം തലങ്ങളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ അലോയ്ഷ്യസ് സേവ്യർ അറിയിച്ചു. ആദ്യം കൊല്ലം ജില്ലയിൽ മാത്രമായിരുന്നു പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കുകയായിരുന്നു. എ ബി വി പിയും കൊല്ലത്ത് നാളെ പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു കേരളത്തെ നടുക്കിയ ദാരുണമായ അപകടം. കളിക്കിടെ മിഥുനിന്റെ ചെരുപ്പ് ഒരു വിദ്യാർഥി സൈക്കിൾ ഷെഡിന് മുകളിലേക്ക് എറിഞ്ഞു. ചെരുപ്പ് എടുക്കാൻ ഷെഡിന് മുകളിൽ കയറിയ മിഥുൻ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, കൊല്ലം തേവലക്കരയിൽ ഒരു മകനെയാണ് സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയിൽ നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു സർക്കാരും വിദ്യാഭ്യാസ വകുപ്പും?
അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ കടന്നു പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നസ് ലഭിച്ചത്? സി.പി.എം നേതൃത്വത്തിലുള്ള സ്‌കൂൾ ആയതു കൊണ്ടാണോ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയത്? അതോ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണോ സ്‌കൂൾ ഇത്രയും കാലം പ്രവർത്തിച്ചത്? ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം നൽകാനുള്ള ഉത്തരവാദിത്തം സർക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.