Friday, August 8, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

അങ്ങനെ സംഭവിച്ചാൽ അതിനെ തടയാൻ കാന്തപുരത്തിന് എന്നല്ല ഷിയാകളുടെ ഇറാൻ ഗവർമെന്റിന് പോലും സാധിക്കില്ല, ഭാരതീയർ എവിടെപോയി എന്ത് വൃത്തികേട് കാട്ടിയാലും കേന്ദ്രസർക്കാർ മോചിപ്പിച്ച് കൊണ്ടുവരണമെന്നാണോ?: കാസ

വധശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയക്കെതിരെ കാസ. നിമിഷപ്രിയ കടുത്തകുറ്റവാളിയാണെന്നും മോചനത്തിനായി ഭരണകൂടങ്ങൾ എന്തിന് ഇടപെടണമെന്നും കാസ നേതാവ് കെവിൻ പീറ്റർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചു. നിമിഷപ്രിയ ലോകത്തെ ഏത് രാജ്യത്തെ നിയമം വെച്ചും ദൈവീക നിയമപ്രകാരവും കടുത്ത കുറ്റവാളിയാണെന്നും കെവിൻ പീറ്റർ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

നിമിഷ പ്രിയയ്ക്ക് വേണ്ടി നമ്മുടെ ഭരണകൂടങ്ങൾ എന്തിന് ഇടപെടണം ???

നമ്മുടെ സ്വന്തം രാജ്യക്കാരി ജനാധിപത്യപരമായ നിയമവ്യവസ്ഥിതി ഇല്ലാത്ത പ്രാകൃത ഗോത്രവർഗ്ഗം നിയമം പിന്തുടരുന്ന യമൻ പോലെ ഒരു രാജ്യത്ത് അവരുടെ ഗോത്രവർഗ്ഗ നിയമപ്രകാരമുള്ള വിചാരണയ്ക്ക് ഇരയായ ശേഷം ഒരു പ്രാകൃത വധശിക്ഷയ്ക്ക് ഇരയാകുന്നത് വേദന ഉണ്ടാക്കുന്ന കാര്യം തന്നെയാണ് , അതുകൊണ്ടുതന്നെ നിമിഷ പ്രിയക്ക് വധശിക്ഷ ഒഴിവായി ജീവപര്യന്തമോ ഇനി അല്ലെങ്കിൽ മോചനം ലഭിച്ച സ്വന്തം രാജ്യത്തേക്ക് മടങ്ങിവരുവാൻ ആകുമെങ്കിൽ അത് സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു.

പക്ഷേ നിമിഷ പ്രിയ ലോകത്തെ ഏതു രാജ്യത്തെ നിയമം വെച്ചു നോക്കിയാലും ഒപ്പം ദൈവീക നിയമപ്രകാരവും കടുത്ത കുറ്റവാളി തന്നെയാണ് ഒരു സംശയവുമില്ല. ഏതൊരു കുറ്റവാളിക്കും താൻ ചെയ്ത കുറ്റകൃത്യത്തിൽ ന്യായീകരണങ്ങൾ പലതും ഉണ്ടാവും…….ബോംബെയിൽ നിരപരാധികളെ തലങ്ങും വിലങ്ങും വെടിവെച്ചുകൊന്ന അജ്മൽ കസബിന് പോലുമുണ്ടായിരുന്നു ന്യായീകരണം, അതുപോലെതന്നെ നിമിഷ പ്രിയയ്ക്കുമുണ്ട് ന്യായീകരണം. കൊല്ലപ്പെട്ട യമനി പൗരൻ നടത്തിയ ചതിയോ വഞ്ചനയോ പീഡനമോ ഒന്നും ഒരിക്കലും അയാളെ കൊല ചെയ്യുന്നതിനുള്ള ഒരു ന്യായീകരണമേ ആകുന്നില്ല.

നിമിഷപ്രിയ കൊലപാതകം ചെയ്തു എന്ന് മാത്രമല്ല വളരെ ഹീനമായ രീതിയിൽ അത് മൂടി വയ്ക്കാനും ശ്രമിച്ച ശേഷം ഒളിച്ചു രക്ഷപ്പെടുവാൻ ശ്രമിച്ചതുമാണ്……… സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിന് എന്ന ദൈവവചനം പോലെ നാം ഏത് രാജ്യത്ത് ആയിരിക്കുന്നുവോ ആ രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു നാം ജീവിക്കേണ്ടതായി വരും , അവിടെ കുറ്റകൃത്യങ്ങൾ ചെയ്താൽ അവിടെ ചെയ്ത കൃത്യത്തിന് അനുസരിച്ച് ഏതു തരത്തിലുള്ള ശിക്ഷയാണോ ലഭിക്കുന്നത് അത് അനുഭവിക്കാൻ നാം ബാധ്യസ്ഥരാണ് ………. നിമിഷ നടത്തിയ ഈ കൊലപാതകം ഭാരതത്തിലാണ് നടന്നിരുന്നുവെങ്കിൽ നിമിഷയ്ക്ക് തൂക്കുമരമോ ജീവപര്യന്തമോ ഉറപ്പു തന്നെയാണ്……… അതുകൊണ്ടുതന്നെ കുറ്റം ഏതു രാജ്യത്ത് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെ വേണം.

ഇനി ദൈവത്തിൻറെ മുന്നിലും നിമിഷപ്രിയ കുറ്റക്കാരി തന്നെയല്ലേ ? ജീവൻ കൊടുക്കാനും ജീവൻ എടുക്കാനും ദൈവത്തിന് മാത്രമാണ് അധികാരം എന്നിരിക്കെ കൊലപാതകം എന്നുള്ളത് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഒരു മാരക പാപവും 10 കൽപ്പനകളിലെ കൊല്ലരുത് എന്നുള്ള ആറാമത്തെ കൽപ്പനയുടെ ലംഘനവുമാണ്

നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുവാനും മോചിപ്പിക്കുവാനുമായി ഏതൊരു കുറ്റവാളിക്കും ലഭിക്കുന്നതുപോലെ സ്വന്തം ആളുകളിൽ നിന്നും നാട്ടിൽ നിന്നും ശ്രമങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്, പക്ഷേ ഭാരതം പോലെ ഒരു രാജ്യത്തിൻ്റെ ഭരണകൂടം ഇത്തരത്തിൽ മറ്റു രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികളായ പൗരന്മാർക്ക് വേണ്ടി വേണ്ടി ഇത്തരം ശ്രമങ്ങൾ നടത്തുന്നത് എന്ത് സന്ദേശമാണ് സ്വന്തം പൗരന്മാർക്കും മറ്റുള്ളവർക്കും നൽകുന്നത് ?

ഭാരതീയർ ഏത് നാട്ടിൽ പോയി എന്ത് വൃത്തികേട് കാട്ടി ജയിലിൽ ആയാലും കേന്ദ്ര സർക്കാർ ഇടപെട്ട് മോചിപ്പിച്ചു കൊണ്ടുവരുമെന്നാണോ ???

യെമൻ എന്നു പറയുന്ന രാജ്യത്തിന് ഭാരതം ഉൾപ്പെടെ ലോകത്തുള്ള 99% രാജ്യങ്ങളുമായും നയതന്ത്ര ബന്ധമില്ല……. അതുകൊണ്ടുതന്നെ ആ രാജ്യത്തിനുള്ളിലെ വിഷയത്തിൽ നയതന്ത്രപരമായ ഇടപെടലിന് പരിമിതികൾ ഉണ്ട് എന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയുള്ള എല്ലാ ശ്രമങ്ങളും നടന്നിരിക്കുന്നത് കേന്ദ്രസർക്കാർ വഴി തന്നെയാണ്………..മുൻപ് യെമനിൽ ഇസ്ലാമിക ഭീകരവാദികൾ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച മലയാളിയായ വൈദികൻ ഫാ : ടോം ഉഴുന്നാലിനെ അന്ന് കേന്ദ്ര മന്ത്രിയായിരുന്നു സുഷമ സ്വരാജിന്റെ നേതൃത്വത്തിലാണ് കേന്ദ്രസർക്കാർ മോചിപ്പിച്ചു കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിലും കേന്ദ്രസർക്കാർ വേണ്ട രീതിയിൽ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. അതിനു സഹായകരമാകുന്ന രീതിയിൽ നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മയയും നല്ല രീതിയിൽ ശ്രമം നടത്തുന്നുണ്ട്. കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കേരള ഗവർണർക്കും ഗവർണർക്ക് മുന്നിൽ ഈ വിഷയം എത്തിക്കാൻ ചാണ്ടിയും ഉമ്മനും സാധിച്ചു എന്നുള്ളതും അഭിനന്ദനാർഹമാണ്.

July 16, 2025 ഇന്ന് നടക്കാനിരുന്ന വധശിക്ഷ ഞായറാഴ്ച തന്നെ മാറ്റിവെച്ചുവെങ്കിലും ഇന്നലെയാണ് ആ വാർത്ത പുറത്തുവന്നത്. കേരളത്തിലെ ഇസ്ളാമിക മതനേതാവ് കാന്തപുരം ചൊവ്വാഴ്ച്ച യെമനിലെ സൂഫി പണ്ഡിതനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇത് സാധ്യമായത് എന്ന രീതിയിൽ കാന്തപുരത്തെ നന്മമരമാക്കി കൊണ്ട് തുടങ്ങിയ കോലാഹലങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല ……….. സത്യത്തിൽ ഞായറാഴ്ച വധശിക്ഷ നീട്ടിവെച്ച തീരുമാനത്തിൽ കാന്തപുരത്തിന്റെ യാതൊരുവിധ ഇടപെടലുകളും ഉണ്ടായിട്ടില്ല എന്നതാണ് വാസ്ഥവം പക്ഷേ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ ഇനി സ്വാധീനിക്കാനുള്ള കാര്യങ്ങളിൽ ഒരു പക്ഷേ കാന്തപുരത്തിന് അവിടെ തനിക്ക് ബന്ധമുള്ള ആളുകളിൽ സമ്മർദ്ദം ചെലുത്താൻ കഴിയുമാരിക്കും !.

പക്ഷേ അതിനുള്ള സാധ്യത കുറവാണ് , കാരണം കാന്തപുരം ഇസ്ളാമിലെ സുന്നി വിഭാഗത്തിൽ പെട്ടയാളാണ്. യെമൻ ഷിയാ വിഭാഗത്തിന് മുൻതൂക്കമുള്ള തീവ്രവാദികൾ കൈയ്യടക്കിയ സ്ഥലവും …….ഹൂത്തികൾ എന്നറിയപ്പെടുന്ന ഷിയ മുസ്ളീം വിഭാഗം ഷിയാ രാജ്യമായ ഇറാൻ്റെ പിന്തുണയോടെ നിരന്തരം സുന്നികൾക്ക് എതിരെ പ്രത്യേകിച്ച് സൗദിയടങ്ങുന്ന ഗൾഫ് രാജ്യങ്ങളുമായി കടുത്ത സംഘർഷത്തിലാണ്. ഹൂത്തികൾ സുന്നി മുസ്ലിങ്ങളുടെ പുണ്യകേന്ദ്രമായ സൗദിയിലെ മക്കയ്ക്ക് നേരെവരെ മിസൈൽ ആക്രമണം ശ്രമം നടത്തിയിട്ടുള്ളവരാണ് , അതുകൊണ്ടുതന്നെ ഷിയാ ഭരണത്തിൽ ഇരിക്കുന്ന സ്ഥലത്ത് അവിടെ തീരെ സ്വാധീനം കുറഞ്ഞ സുന്നിയായ ഒരു സൂഫി നേതാവ് വഴി കാന്തപുരത്തിന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ മനം മാറ്റി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നത് കണ്ട് അറിയേണ്ട കാര്യമാണ്……… ഇന്നലെ തലാലിന്റെ സഹോദരൻ്റെ ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകൾ ട്രാൻസ്ലേറ്റ് ചെയ്തു വായിച്ചതിൽ നിന്നും ആ കുടുംബം നിമിഷപ്രിയയുടെ മരണത്തിനായി കാത്തിരിക്കുകയാണ് എന്നതാണ് മനസ്സിലാവുന്നത്. എങ്കിലും കാന്തപുരം ഉസ്താദിന് കഴിയുന്ന ശ്രമങ്ങൾ ഉസ്താദും ചെയ്യട്ടെ.

പക്ഷെ ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ഹൂത്തികളിൽ നല്ല സ്വാധീനമുള്ള ഇറാൻ ഭരണകൂടം വഴി മാത്രമായിരിക്കും, അതിനു സാധിക്കുക കേന്ദ്രസർക്കാരിനും. പക്ഷേ അതിന് ഈ കേരളത്തിൽ ഇപ്പോൾ നടത്തുന്ന മൂന്നാംകിട കാന്തപുരം സ്തുതിയും ആഘോഷവും അനാവശ്യ വിവാദങ്ങളും ചർച്ചകളും വാർത്തകളും എല്ലാം അവസാനിപ്പിക്കുക തന്നെ വേണം …….. കാരണം ഇവിടെ കേരളത്തിൽ നടക്കുന്ന സുന്നി ആഘോഷം വാർത്തകളായി അവിടെയും എത്തും അത് തലാലിന്റെ ഷിയാ ഗോത്ര ഗ്രാമവും അയാളുടെ കുടുംബവും ഇതൊരു അഭിമാന പ്രശ്നമായി എടുത്താൽ അവർ നിമിഷപ്രിയയുടെ വധശിക്ഷ വേണമെന്നതിൽ ഉറച്ചുനിൽക്കും…… അതിനെ വന്നാൽ അതിനെ തടയാൻ കാന്തപുരത്തിന് എന്നല്ല ഷിയാകളുടെ ഇറാൻ ഗവർമെന്റിന് പോലും സാധിക്കില്ല.

തൽക്കാലം വിവാദങ്ങളും ആഘോഷങ്ങളും അവസാനിപ്പിച്ചു നല്ലൊരു വാർത്തക്കായി നമുക്ക് കാത്തിരിക്കാം.

NB- ഒരുക്രിസ്ത്യൻ പെൺകുട്ടിയുടെ കാര്യത്തിൽ ഇതാണോ നിലപാട് എന്ന് ചോദ്യത്തിന് ഉത്തരമായി പറയാനുള്ളത് മറ്റുള്ളവർ ചെയ്യുമ്പോൾ തെറ്റും അതേ കാര്യം സ്വന്തം ആളുകൾ ചെയ്യുമ്പോൾ ശരിയുമാകുന്ന ഇരട്ടത്താപ്പ് ഇവിടെയില്ല , തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. നാലു വർഷങ്ങൾക്കു മുമ്പ്.നിമിഷ പ്രിയയുടെ വാർത്ത ഉയർന്നു വന്നപ്പോൾ അവരുടെ ബന്ധുക്കളുമായും അവർ താമസിക്കുന്ന സ്ഥലത്തെ ഇടവക പള്ളിയിലെ വൈദികനുമായി സംസാരിപ്പിച്ചു ഈ വിഷയത്തിലെ ഏറെക്കുറെ കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയതു കൊണ്ടാണ് നിശബ്ദത പാലിക്കേണ്ടി വരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Popular Articles

error: Content is protected !!