ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കാൻ തീരുമാനിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്ന് നടന്ന ചർച്ചയിലാണ് ഈ തീരുമാനം. ഇതനുസരിച്ച്, വൈകാതെ ദുബായിലെ പൊതുശ്മശാനത്തിൽ ഹിന്ദു ആചാരപ്രകാരം ശവസംസ്കാരം നടക്കും.
ഇന്നും കോൺസുലേറ്റ് അധികൃതരുടെ നേതൃത്വത്തിൽ ഷൈലജ, കാനഡയിൽ നിന്നെത്തിയ വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ എന്നിവരുമായും ഭർത്താവ് നിതീഷ് മോഹന്റെ ബന്ധുക്കളുമായും ചർച്ച നടന്നു. എന്നാൽ കുട്ടിയെ യുഎഇയിൽ സംസ്കരിക്കുന്ന കാര്യത്തിൽ നിതീഷ് വിട്ടുവീഴ്ച ചെയ്യാൻ തയ്യാറായില്ലെന്നറിയുന്നു. നിതീഷിന് അനുകൂലമായി കോടതി ഉത്തരവ് നിലനിൽക്കുന്നതിനാലും കുട്ടിയുടെ മൃതദേഹം ഏറെ നാൾ ഫൊറൻസിക് ലാബിൽ വയ്ക്കുന്നതിന്റെ അനൗചിത്യവും കാരണം കോൺസുലേറ്റിന് ഇക്കാര്യത്തിൽ കൂടുതൽ സമ്മർദം ചെലുത്താൻ കഴിഞ്ഞില്ലെന്നാണ് ലഭിക്കുന്ന വിവരം.
വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കുക എന്ന കാര്യം ഇനി നിതീഷാണ് തീരുമാനിക്കേണ്ടത്. വിപഞ്ചികയുടെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനാണ് കൊല്ലത്ത് നിന്ന് അമ്മ ഷൈലജയും കാനഡയിൽ നിന്ന് സഹോദരൻ വിനോദും യുഎഇയിലെത്തിയത്.
നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ്, ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റ്‌മോർട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടത് അപ്രത്യക്ഷമായി.