മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയും മുൻ കെപിസിസി അധ്യക്ഷനുമായ സി വി പത്മരാജൻ (94) അന്തരിച്ചു. കെ കരുണാകരൻ എ.കെ ആന്റണി എന്നിവരുടെ മന്ത്രിസഭകളിൽ അംഗമായിരുന്നു.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ കോൺഗ്രസിന് സമ്മാനിച്ചത് സി വി പത്മരാജന്റെ കാലത്താണ്. 1982 ൽ ചാത്തന്നൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മന്ത്രിയായ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചാണ് 83 ൽ കെപിസിസി അധ്യക്ഷനായത്. മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. കെ കരുണാകരൻ ചികിൽസയ്ക്ക് വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും നിർവ്വഹിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ പരവൂരിൽ കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22 ന് ജനിച്ചു. അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് സജീവമായി.
അധ്യാപകനായാണ് ജീവിതം തുടങ്ങിയത് എങ്കിലും ബി.എ, ബി.എൽ ബിരുദങ്ങൾ നേടി.1973 മുതൽ 1979 വരെ കൊല്ലം ജില്ലയിൽ അഭിഭാഷകനായും ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.