നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി വച്ച കോടതി വിധി വലിയ വാർത്തയായിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെയും, ചാണ്ടി ഉമ്മനും ഗവർണറും കേന്ദ്ര സര്‍ക്കാരിന്റെയും ഉത്സാഹത്തിലും, സഹകരണത്തിലും, കൊല്ലപ്പെട്ട യെമന്‍ പൗരന് തലാല്‍ മെഹ്ദിയുടെ കുടുംബവുമായി ചര്‍ച്ച നടത്തി അവര്‍ അയവുള്ള സമീപനം സ്വീകരിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ നഷ്ടപരിഹാരം സ്വീകരിച്ച് മാപ്പ് നല്കിയാല് മാത്രമേ ഇസ്ലാമിക ശരീഅത്ത് പ്രകാരം വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കൂ. അടുത്ത ദിവസങ്ങളിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും അതേസമയം, ഈ വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍.
നിമിഷപ്രിയ ചെയ്തത് ചെറിയ കുറ്റമല്ലെന്ന് തന്റെ പോസ്റ്റില്‍ ശ്രീജിത്ത് പണിക്കര്‍ പറയുന്നു. ‘എന്തിനാണ് മാപ്പ്? അവരുടെ ഒരാളെ ക്രൂരമായി കൊന്നതിന്. ശവശരീരത്തെയും അപമാനിച്ചതിന്. ഇപ്പോള്‍ നടക്കുന്നത് ന്യായമെന്ന ചിന്ത എനിക്കില്ല. ‘ -ശ്രീജിത്ത് പണിക്കര്‍ കുറിച്ചു.
ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം: ഇന്നാട്ടിലും വിദേശത്തും കൊലക്കേസില്‍ ജയിലില്‍ കിടക്കുന്നവരോടും വധശിക്ഷ കാത്തു കിടക്കുന്നവരോടും നിങ്ങള്‍ക്ക് ഇതേ അനുകമ്പയുണ്ടോ? നിമിഷ പ്രിയ ചെയ്തത് ചെറിയ കുറ്റമല്ല. തന്റെ ബിസിനസ് പങ്കാളിക്ക് അമിതമായ അളവില്‍ ഉറക്ക മരുന്ന് കൊടുക്കുന്നു. അയാളുടെ മരണം ഉറപ്പുവരുത്തുന്നു. ശവശരീരം പലതായി വെട്ടിനുറുക്കുന്നു. അതിനൊരു സഹായിയെ കണ്ടെത്തുന്നു. ശേഷം ശരീരഭാഗങ്ങള്‍ വാട്ടര്‍ ടാങ്കില്‍ നിക്ഷേപിക്കുന്നു. അവര്‍ക്ക് അവരുടേതായ ന്യായങ്ങള്‍ കാണും, ഏത് കൊലപാതകത്തിലും എന്നപോലെ. പാസ്പോര്‍ട്ട് വീണ്ടെടുക്കാന്‍ ആയിരുന്നെന്നും, പ്രതിരോധശ്രമം ആയിരുന്നെന്നും, അതല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നെന്നുമൊക്കെ വിചാരണാവേളയില്‍ ന്യായങ്ങള്‍ ഉയര്‍ന്നതാണ്. പക്ഷേ കോടതിയുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല. കൊലപാതകം ആസൂത്രിതം ആയിരുന്നില്ലേ? ഉറക്ക മരുന്ന് അമിതമായി കൊടുത്തത് പ്രതിരോധമാണോ?
ശരീരം വെട്ടിമുറിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് എന്തിനാണ്? ഇവിടെ കുറ്റം ചെയ്തില്ലെന്ന് പ്രതി പറയുന്നില്ല. കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തിന്റെ മാപ്പാണ് ആഗ്രഹിക്കുന്നത്. എന്തിനാണ് മാപ്പ്? അവരുടെ ഒരാളെ ക്രൂരമായി കൊന്നതിന്. ശവശരീരത്തെയും അപമാനിച്ചതിന്. ഇപ്പോള്‍ നടക്കുന്നത് ന്യായമെന്ന ചിന്ത എനിക്കില്ല. അങ്ങനെ ആയിരുന്നെങ്കില്‍ എന്തുകൊണ്ട് ഇതേ സമീപനം ഇവിടെ ജയിലില്‍ കിടക്കുന്നവരോട് നാം കാട്ടുന്നില്ല? ഒരു രാജ്യം, പൊതുപ്രവര്‍ത്തകര്‍, മതമേലധ്യക്ഷര്‍ ഒക്കെ എന്തിന് ഒരു കുറ്റവാളിയെ സ്വതന്ത്രയാക്കാന്‍ ശ്രമിക്കണം? എന്റെ നീതിബോധം ഒരു കൊടും ക്രൂരകൃത്യത്തെ ന്യായീകരിക്കുന്നതല്ല. പ്രതിരോധശ്രമം എന്ന വാദം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നത് (കഴിയില്ലെന്നതും) ഈ കേസിലെ പ്രധാന വിഷയമാണ്. ചെറിയൊരു കാര്യം ഓര്‍മിപ്പിക്കാം. സ്വന്തം രാജ്യത്തിന്റെ നിയമപ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവും ചെയ്തത് തെറ്റല്ല എന്ന് തെളിഞ്ഞിട്ടും, ഇന്ത്യന്‍ കോടതികളുടെയും അന്താരാഷ്ട്ര കോടതിയുടെയും സംരക്ഷണം ഉണ്ടായിട്ടും, ഇറ്റാലിയന്‍ നാവികരെ അവരുടെ നാട്ടിലേക്ക് വിട്ടയച്ചതിനെ എതിര്‍ത്തവര്‍ തന്നെയല്ലേ നമ്മളില്‍ പലരും?