യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചേക്കുമെന്ന് സൂചനകൾ. കാന്തപുരത്തിന്റെ ഇടപെടലിൽ യെമനിൽ നടക്കുന്ന ചർച്ചകളിലാണ് ഇനി പ്രതീക്ഷ. ദയാധനം സ്വീകരിക്കുന്നതിൽ അന്തിമതീരുമാനം ഉണ്ടായേക്കും.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് ചർച്ച ആരംഭിക്കുക. ദയാധനം സ്വീകരിക്കാൻ തലാലിൻറെ കുടുംബം തയ്യാറായേക്കുമെന്നാണ് സൂചനകൾ.
അതേസമയം, നിമിഷപ്രിയയ്ക്ക് വേണ്ടി ഗവർണർ രാജേന്ദ്ര ആർക്കലേക്കർ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. വധശിക്ഷ സസ്പെൻഡ് ചെയ്യണമെന്നാണ് ഗവർണർ ആവശ്യം അഭ്യർഥിച്ചിരിക്കുന്നത്. വിഷയത്തിൽ യെമൻ ഭരണാധികാരികളുമായി ബന്ധപ്പെടുകയാണെന്ന് വിദേശകാര്യമന്ത്രാലയവും അറിയിച്ചു.
എം.എ.യൂസഫലിയുമായും ഗവർണർ ബന്ധപ്പെട്ടു. ദയാധനം സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗവർണറുടെ ഇടപെടലുകളിൽ പ്രതീക്ഷയുണ്ടെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു. നിമിഷപ്രിയയുടെ മോചനത്തിൽ തീരുമാനം ഇന്നുണ്ടാകുമെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാറും പ്രതികരിച്ചു. യെമനിലേക്ക് ഉടൻ കാന്തപുരത്തിൻറെ പ്രതിനിധിയെ അയയ്ക്കും.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കൂടുതൽ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഒഴിവാക്കാൻ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതിൽ കേന്ദ്രത്തിന് ഇടപെടാൻ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പായാൽ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നൽകി. കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.