ഷാർജയിൽ ഒന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ വിപഞ്ചികയുടെയും മകളുടെയും മൃതദേഹം ഏറ്റുവാങ്ങുന്നതിനായി വിപഞ്ചികയുടെ അമ്മ ഷൈലജ യുഎഇയിലെത്തി. വിപഞ്ചികയുടെയും ഒന്നര വയസുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കി മകളുടെയും കൊച്ചുമകളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനാണ് കൊല്ലത്ത് നിന്ന് അമ്മ എത്തിയത്.വിപഞ്ചികയുടെ സഹോദരൻ വിനോദ് ഇന്ന് രാത്രി പതിനൊന്നോടെ മാത്രമേ എത്തൂ.
പുലർച്ചെ ബന്ധുവിനൊപ്പമാണ് ഷാർജ വിമാനത്താവളത്തിലെത്തിയത്. വിമാനയാത്രയിൽ മുഴുവൻ കരഞ്ഞുകൊണ്ടിരുന്ന ഷൈലജ ബന്ധുക്കളെ കണ്ടപ്പോൾ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. മകളുടെയും കുഞ്ഞിന്റെയും മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സഹായം തേടുമെന്ന് ഷൈലജ പറഞ്ഞു.
വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെതിരെ ഷൈലജ ഷാർജ പൊലീസിൽ പരാതി നൽകുന്ന കാര്യവും ആലോചനയിലുണ്ട്. ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കാനാണ് ബന്ധുക്കളുടെ തീരുമാനം. നേരത്തെ, മാതാവ് ഷൈലജ നൽകിയ പരാതിയിൽ വിപഞ്ചികയുടെ ഭർത്താവ് ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു.
ഇയാളുടെ സഹോദരി രണ്ടാം പ്രതിയും പിതാവ് മോഹനൻ മൂന്നാം പ്രതിയുമാണ്. വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റുമോർട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരുന്നു.