ഉത്തർപ്രദേശിലെ റാംപൂരിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന ഒരു വിചിത്രമായ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത് . വിവാഹ രാത്രിയില്‍ വരന്, വധുവിനോട് ഗര്‍ഭ പരിശോധനാ കിറ്റ് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചില സംഭവവികാസങ്ങൾ അരങ്ങേറിയത്. എല്ലാത്തിനും ഒടുവില്‍ വരന് പരസ്യമായി മാപ്പ് പറയേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
വിവാഹശേഷം ഏറെ വൈകിയാണ് വരനും വധുവും അടങ്ങുന്ന വിവാഹ സംഘം വരന്റെ വീട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ വധു ഛർദ്ദിച്ചത് വരനില്‍ സംശയങ്ങളുണ്ടാക്കി. ക്ഷീണവും, ചൂടും കാരണം തലകറക്കം അനുഭവപ്പെട്ട വധു പിന്നാലെ ഛർദ്ദിക്കുകയായിരുന്നു. വിവാഹ ദിവസം തന്നെ വധു ഛര്‍ദ്ദിച്ചത് വരന് സുഹൃത്തുക്കളുടെ ഇടയില്‍ ഒരു സംസാര വിഷയമായി.
ഇതോടെ വരന്റെ സുഹൃത്തുക്കൾ വധുവിന് ഗര്‍ഭമാണെന്ന് തമാശയ്ക്ക് പറഞ്ഞത് വരനെ അസ്വസ്ഥമാക്കിയെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെയാണ് രാത്രിയില്‍ വരന് വധുവിനോട് ഗര്‍ഭ പരിശോധനാ കിറ്റ് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടത്.
രാത്രി തന്നെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒരു ഗർഭ പരിശോധന കിറ്റ് വാങ്ങി. വരന്റെ അപ്രതീക്ഷിത ആവശ്യം കേട്ട വധു തന്റെ വീട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
രാത്രിയോടെ വരന്റെ വീട്ടിലെത്തിയ വധുവിന്റെ വീട്ടുകാരും വരനും തമ്മില്‍ വാക്ക് തര്‍ക്കമായി. ഒടുവില്‍ ഗ്രാമവാസികൾ ഇടപെട്ട് രാത്രി തന്നെ പഞ്ചായത്ത് വിളിച്ച് ചേര്‍ത്തു. ഏതാണ്ട് രണ്ട് മണിക്കൂറോളം സമയം പഞ്ചായത്ത് നടന്നു. ഒടുവില്‍ വരന് പരസ്യമായി തന്റെ തെറ്റ് സമ്മതിക്കുകയും വധുവിനോടും കുടുംബത്തോടും തന്റെ തെറ്റ് ഏറ്റ് പറഞ്ഞ് ക്ഷമാപണം നടത്തുകയും ചെയ്തു. ഇനിയൊരിക്കലും ഈ പ്രവർത്തി ആവർത്തിക്കില്ലെന്ന് വരന് പഞ്ചായത്തിന് വാക്ക് കൊടുത്തതായും റിപ്പോര്‍ട്ടിൽ പറയുന്നു.