ജയലളിതയുടേയും എംജിആറിന്റെയും മകളാണ് എന്ന് അവകാശപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് തൃശൂർ സ്വദേശിനിയായ സുനിത എന്ന യുവതി. ജയലളിതയെ ശശികലയും മന്നാർഗുഡി മാഫിയയും ചേർന്ന് കൊലപ്പെടുത്തിയതാണ് എന്നും താൻ അത് നേരിട്ട് കണ്ടതാണ് എന്നുമാണ് സുനിത അവകാശപ്പെടുന്നത്.
ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ അടങ്ങിയ കത്ത് സുനിത ചീഫ് ജസ്റ്റിസിന് കൈമാറിയിരിക്കുകയാണ്. സുനിത മാതൃഭൂമി ന്യൂസിനോട് പറഞ്ഞ കാര്യങ്ങൾ ഇപ്രകാരമാണ്: ” അമ്മ പറഞ്ഞത് പ്രകാരം 2016 സെപ്റ്റംബർ 22ാം തിയ്യതി താൻ പോയസ് ഗാർഡനിലെ വീട്ടിൽ എത്തിയപ്പോൾ അമ്മ മരിച്ച് കിടക്കുന്നത് പോലെയാണ് തനിക്ക് തോന്നിയത്. നിലവിളിക്കാൻ ശ്രമിച്ചപ്പോൾ തൂപ്പുകാരൻ വന്ന് തന്റെ വായ പൊത്തി പുറത്തേക്ക് പോകാൻ പറഞ്ഞു.
അമ്മയുടെ കൂടെ ബോഡി ഗാർഡുകളും വേറെ കുറച്ച് പേരും നിന്നിരുന്നു. അവർ തന്നെ കണ്ടില്ല. നിലത്ത് കിടന്ന അമ്മയുടെ മുഖത്ത് ശശികല ആന്റി കാല് കൊണ്ട് ചവിട്ടി നോക്കുന്നത് കണ്ടു. താൻ പുറത്തേക്ക് പോയി. കേരളത്തിൽ താമസിക്കുന്നത് ഒരുപാട് വർഷമായി. എംജിആറിന്റെ വീട്ടിൽ നിന്ന വേലക്കാരനായ മാധവൻ ആണ് തന്റെ വളർത്തച്ഛൻ. അദ്ദേഹം മുഖേനയാണ് താൻ കേരളത്തിലേക്ക് എത്തിയത്. അന്ന് രണ്ട് മാസം മാത്രമാണ് തനിക്ക് പ്രായം.
അമ്മയെ കൊന്നവർക്ക് സാധാരണക്കാരിയായ തന്നെ എന്തും ചെയ്യാം. അമ്മയെ കൊല്ലുന്നത് കണ്ട ശേഷം താൻ ഒളിവിൽ പോയിരിക്കുകയായിരുന്നു. തനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് വർഷങ്ങളായി. കൊല്ലുന്ന കാഴ്ച നേരിട്ട് കണ്ടത് കൊണ്ട്. തനിക്ക് പകരം വേറെ ചിലരൊക്കെയാണല്ലോ വരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സർ അമ്മയുടെ നല്ല ഒരു സുഹൃത്ത് ആയിരുന്നു. അദ്ദേഹം തനിക്ക് നീതി വാങ്ങിത്തരും. തമിഴ്നാട് മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചിട്ടില്ല. ഭയമാണ് കാരണം. തന്റെ വളർത്തച്ഛൻ മരിച്ച് പോയി. തന്നെ തമിഴ്നാട്ടിൽ നിന്ന് കൊണ്ട് വന്നതാണെന്ന് നാട്ടുകാർക്ക് അറിയാം. താൻ മകളാണെന്ന് അമ്മയ്ക്കും അറിയാം. പതിനെട്ടാം വയസ്സിൽ അമ്മ തന്നെ തിരിച്ചറിഞ്ഞിരുന്നു. അമ്മ തനിക്ക് സഹായങ്ങൾ ചെയ്ത് തന്നിട്ടുണ്ട്. അച്ഛനായ എംജിആറിനെ കണ്ടതായി ഓർമയില്ല. തനിക്ക് രണ്ടര വയസ്സുളളപ്പോഴാണ് അദ്ദേഹം മരിച്ചത്. അമ്മ തന്നോട് പറഞ്ഞത് ഒരു പത്രസമ്മേളനം വിളിച്ച് മകളാണെന്ന് വെളിപ്പടുത്താം എന്നാണ്. അതായിരിക്കാം മരണത്തിലേക്ക് കൊണ്ട് പോയതെന്ന് കരുതുന്നു. അമ്മയ്ക്ക് നീതി വാങ്ങിക്കൊടുക്കാനാണ് ശ്രമം.സുനിത പറയുന്നു.