യുക്രൈന് സഹായമായി പാട്രിയട്ട് മിസൈലുകൾ നൽകുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തുകയാണ്. മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയ ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു.
പുട്ടിൻ വളരെ മനോഹരമായി സംസാരിക്കുമെന്നും എന്നാൽ വൈകുന്നേരം ആകുമ്പോൾ എല്ലാവരേയും ബോംബെറിയുകയും ചെയ്യും എന്നാണ് ട്രംപ് പരിഹസിച്ചത്. അത് കൊണ്ട് തന്നെയാണ് യുക്രെയിന് പ്രതിരോധം തീർക്കാൻ മിസൈലുകൾ നൽകുന്നതെന്നും വിശദീകരിച്ചു. പാട്രിയട്ട് മിസൈലുകൾ എത്രയെണ്ണമാണ് യുക്രൈന് നൽകുന്നതെന്ന കാര്യം ട്രംപ് വെളിപ്പെടുത്തിയില്ല.
എന്നാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ് അതിന്റെ ചെലവ് വഹിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തേ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ പുടിന്റെ പിടിവാശിയാണ് എല്ലാത്തിനും പിന്നിലെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയിൽ താൻ പ്രസിഡന്റായാൽ ഉടനടി യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ യുദ്ധം ഇപ്പോഴും തുടരുകയാണെന്ന കാര്യം ട്രംപിന് പ്രതിഛായ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ റഷ്യക്കെതിരെ കടുത്ത നിലപാടിലേക്ക് ട്രംപ് പോകുന്നത്.
റഷ്യയുമായി എണ്ണ കച്ചവടം നടത്തുന്ന ഇന്ത്യയ്ക്കെതി്രെയും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ അതൊന്നും വില പോയില്ല. റഷ്യയിൽ നിന്നും ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് പുടിനെ പരസ്യമായി ട്രംപ് പരിഹസിച്ചത്.