സംസ്ഥാനത്ത് പച്ചക്കറി വിപണിയിൽ ജൂലൈ ആദ്യം മുതൽ ഉണ്ടായിരുന്ന വിലക്കയറ്റത്തിന് നേരിയ ശമനം. ജൂലൈ 14-ലെ കണക്കുകൾ പ്രകാരം, ചില പച്ചക്കറികളുടെ വിലയിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ മറ്റു ചിലതിന് ഒരേ നില തന്നെ നിലനിർത്തി മൺസൂൺ മഴയുടെ ലഭ്യത മെച്ചപ്പെട്ടതും പ്രാദേശിക ഉൽപാദനം വർധിക്കാൻ സാധ്യതയുള്ളതും വരും ദിവസങ്ങളിൽ വില കുറയുന്നതിന് കാരണമാകുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം: ജൂലൈ 12-ന് ബീൻസിന് 140 രൂപയായിരുന്നെങ്കിൽ ജൂലൈ 14-ന് 100 രൂപയായി കുറഞ്ഞു, . തക്കാളിക്ക് 60 രൂപയായിരുന്നത് 35 രൂപയായി ഗണ്യമായി കുറഞ്ഞു. എന്നാൽ കാരറ്റിൻ്റെ വില 120 രൂപയിൽ നിന്ന് 60 രൂപയായി കുറഞ്ഞപ്പോൾ, സവാളയുടെ വില 30 രൂപയിൽ നിന്ന് 35 രൂപയായി നേരിയ വർധനവ് രേഖപ്പെടുത്തി.
കോഴിക്കോട്: . ജൂലൈ 12-ന് 30 രൂപയായിരുന്ന തക്കാളിക്ക് ജൂലൈ 14-നും 26 രൂപയാണ്. പ്രജീഷ് പൊയിൽക്കാവ് പറയുന്നത് പോലെ, “തക്കാളിക്ക് വില താഴുകയാണ്, ജൂലൈ 10-ന് 32 രൂപയായിരുന്നത് ഇപ്പോൾ 26 രൂപയാണ്. വെള്ളരിക്ക് വില കൂടുന്നു, ജൂലൈ 12-ന് 35 രൂപയായിരുന്നത് ഇന്ന് (ജൂലൈ 14) 40 രൂപയായി.
എറണാകുളം: ജൂലൈ 12-ന് 40 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് 50 രൂപയായി വർധനവ് രേഖപ്പെടുത്തി. ബീൻസിന് 60 രൂപയായിരുന്നത് 70 രൂപയായി. അതേസമയം, ജൂലൈ 12-ന് 100 രൂപയായിരുന്ന പച്ചമുളകിന് ഇന്ന് 80 രൂപയായി കുറഞ്ഞു. വലിയ ഉള്ളി 30 രൂപയിൽ നിന്ന് 25 രൂപയായി കുറഞ്ഞതും ശ്രദ്ധേയമാണ്.
കണ്ണൂർ: കണ്ണൂരിൽ ചെറിയ ഉള്ളി, ഇഞ്ചി, കാരറ്റ് തുടങ്ങിയവയുടെ വില ഉയർന്ന നിലയിൽ തുടരുകയാണ്. ചെറിയ ഉള്ളിക്ക് 98 രൂപയായിരുന്നത് ഇന്ന് 100 രൂപയായി. തക്കാളിക്ക് 20 രൂപയായിരുന്നത് 22 രൂപയായി നേരിയ വർധനവുണ്ടായി.
കാസർകോട്: കാസർകോടും വിലയിൽ കാര്യമായ മാറ്റങ്ങളില്ല. ചെറിയ ഉള്ളിക്ക് 100 രൂപയും ഇഞ്ചിക്ക് 100 രൂപയും മുരിങ്ങക്കായക്ക് 110 രൂപയുമാണ് ഇവിടെ വില. ജൂലൈ 12-ന് 30 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് 28 രൂപയായി നേരിയ കുറവ് രേഖപ്പെടുത്തി.
മൊത്തത്തിൽ, ജൂലൈ 12-നെ അപേക്ഷിച്ച് ജൂലൈ 14-ന് തിരുവനന്തപുരത്ത് പച്ചക്കറി വിലയിൽ കാര്യമായ കുറവ് ദൃശ്യമാണ്. ഇത് മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിക്കുമോ എന്ന് കാത്തിരുന്ന് കാണാം.