അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശയാത്രികനും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ലയുടെ മടക്കയാത്ര ഇന്ന്. വൈകുന്നേരം 4:30 ന് ഓർബിറ്റിൽ നിന്നുള്ള അൺഡോക് ആരംഭിക്കും.ഭൂമിയുടെ ഉപരിതലത്തിൽ നിന്നു പേടകം 350 കിലോമീറ്റർ ഉയരത്തിലെത്തുന്ന ഘട്ടത്തിൽ ഡീഓർബിറ്റ് നടപടികൾ തുടങ്ങും. പേടകത്തിലുള്ള എൻജിനുകൾ ജ്വലിച്ച് വിപരീതദിശയിൽ ഊർജം നൽകുന്നതോടെ വേഗം കുറഞ്ഞു തുടങ്ങും
കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്‌പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്നാൻസ്‌കിവിസ്നിയേവ്സ്‌കി, ടിബോർ കപു എന്നീ മൂന്ന് അന്താരാഷ്ട്ര ക്രൂ അംഗങ്ങളോടൊപ്പമാണ് ശുഭാംശു ശുക്ല ആക്സിയം4 ദൗത്യത്തിൽ പങ്കെടുത്തിരിക്കുന്നത്.
ജൂലായ് 15 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കാലിഫോർണിയ തീരത്ത് നിന്ന് സ്പ്ലാഷ്ഡൗൺ പ്രതീക്ഷിക്കാം.വന്നതിന് ശേഷം ശുഭാംശു ഉൾപ്പെടെ യാത്രികർ ഒരാഴ്ച വിദഗ്ധോപദേശ പ്രകാരം വിശ്രമിക്കും. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്തു നിന്നെത്തി ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് ഇത് ശുഭാംശുവിനെ നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ മെഡിക്കൽ വിദഗ്ധരുമുണ്ടാകും.
സ്‌പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് സംഘം മടങ്ങിയെത്തുന്നത്. ബഹിരാകാശനിലയത്തിലെ 18 ദിവസത്തെ താമസത്തിനിടെ, ആക്സ് 4 സംഘം ജീവശാസ്ത്രം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെറ്റീരിയൽ സയൻസ്, ആരോഗ്യം എന്നിവയിലായി 60 ലധികം ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
സ്പ്രൗട്ട്സ് പ്രോജക്ട് ആണ് ശുഭാംശു ശുക്ലയുടെ പ്രധാന സംഭാവനകളിൽ ഒന്ന്. മൈക്രോഗ്രാവിറ്റി വിത്ത് മുളയ്ക്കുന്നതിനെയും ആദ്യകാല സസ്യവളർച്ചയെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് പരിശോധിച്ച പദ്ധതിയായിരുന്നു ഇത്. ഭാവിയിലെ ബഹിരാകാശ കൃഷിയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗവേഷണമാണിത്.