ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിൽ നടക്കില്ലെന്ന് റിപ്പോർട്ട് . സംപ്രേഷണാവകാശ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സെപ്റ്റംബറിൽ ആരംഭിക്കേണ്ടിയിരുന്ന ഐഎസ്എല്‍ മാറ്റിവയ്ക്കാൻ കാരണം. ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് അനിശ്ചിതത്വം ഉടലെടുത്തത്.റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് എഫ്.എസ്.ഡി.എല്‍ പ്രവര്‍ത്തിക്കുന്നത്.
ലീഗിന്റെ സംപ്രേഷണ അവകാശ കരാര്‍ സംബന്ധിച്ച തര്‍ക്കമാണ് സീസണ്‍ സാദ്ധ്യമാകാത്തതിന് പിന്നിലെന്നാണ് വിവരം. ഈ വര്‍ഷത്തെ ഫുട്‌ബോള്‍ കലണ്ടര്‍ നേരത്തെ എഐഎഫ്എഫ് പുറത്ത് വിട്ടപ്പോള്‍ ഐഎസ്എല്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. 2019ല്‍ ഐ ലീഗിനെ മറികടന്ന് ഐഎസ്എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഫെഡറേഷന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 11 എഡിഷനുകള്‍ ഇതുവരെ നടന്നിട്ടുണ്ട്. ഫുട്‌ബോളില്‍ വന്‍ മുന്നേറ്റം ഇന്ത്യ ലക്ഷ്യമിടുന്ന ഘട്ടത്തിലാണ് രാജ്യത്തെ ഒന്നാം ഡിവിഷന്‍ ലീഗിന്റെ ഒരു സീസണ്‍ തന്നെ ഉപേക്ഷിക്കുന്നത്.
എ.ഐ.എഫ്.എഫുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എം.ആര്‍.എ) പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതാണ് സീസണ്‍ മാറ്റിവെക്കാനുള്ള കാരണം. കരാര്‍ പുതുക്കാതെ സീസണ്‍ ആരംഭിക്കാനാകില്ലെന്ന് എഫ്.എസ്.ഡി.എല്‍ രേഖാമൂലം അറിയിച്ചു. എ.ഐ.എഫ്.എഫും ലീഗ് നടത്തിപ്പുകാരായ എഫ്.എസ്.ഡി.എലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2025-26 സീസണിനായുള്ള വാർഷിക കലണ്ടറിൽ നിന്ന് ഐഎസ്എല്ലിനെ നേരത്തെ ഒഴിവാക്കിയിരുന്നു. വിവിധ പ്രായക്കാർക്കുള്ള ആഭ്യന്തര ടൂർണമെന്‍റുകളടക്കം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായ ഐഎസ്‌എല്ലിനെ മത്സര കലണ്ടറിൽ ഉൾപ്പെടുത്താതിരുന്നത്.