ജീപ്പും എസ്‌യുവികളുമൊക്കയാണ് സാധാരണയായി പഞ്ചാബ് ശൈലിയിൽ മോഡിഫിക്കേഷൻ ചെയ്തിരുന്നത്. എന്നാൽ ലൈഫ്‌സ്റ്റൈല്‍ പിക്ക്അപ്പ് പോലും രൂപമാറ്റത്തിലൂടെ കിടിലന്‍ ലുക്ക് ആക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പഞ്ചാബി ഗായകനും നടനുമായ പര്‍മീഷ് വര്‍മ. അത്തരത്തിൽ രൂപമാറ്റം വരുത്തിയ ടൊയോട്ട ഹൈലെക്‌സ് ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിൽ തരംഗമാകുന്നത്.
കടുത്ത വാഹനപ്രേമിയായ പര്‍മീഷ് വര്‍മ തന്റെ വാഹന ശേഖരത്തിലേക്ക് പുതുതായി എത്തിച്ച ടൊയോട്ട ഹൈലെക്‌സിലാണ് ഈ അമ്പരപ്പിക്കുന്ന രൂപമാറ്റം വരുത്തിയിരിക്കുന്നത്. വാഹനത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് 26 ഇഞ്ച് വലിപ്പമുള്ള ക്രോം അലോയി വീല്‍ നല്‍കി ലിഫ്റ്റ് ചെയ്തതിലൂടെയാണ്.
പുതിയ വാഹനം സ്വന്തമാക്കിയ വീഡിയോ നിരവധി പേരാണ് ഇതുവരെ കണ്ടത്. ഷോറൂമില്‍ നിന്ന് ഡെലിവറി എടുത്ത വാഹനവുമായി ആക്‌സസറി ഷോപ്പിലേക്ക് പോകുന്നതാണ് ഈ വീഡിയോയിലുള്ളത്. പിന്നീട് അദ്ദേഹത്തിനായി പ്രത്യേകം തയാറാക്കിയ വീലുകള്‍ വാഹനത്തില്‍ ഘടിപ്പിക്കുകയായിരുന്നു. അലോയി വീലിന്റെ ഔട്ടര്‍ ലിപ്പില്‍ പര്‍മീഷ് വര്‍മ എന്ന പേര് ആലേഖനം ചെയ്താണ് വീല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ടൊയോട്ടയുടെ ഐഎംവി2 പ്ലാറ്റ്ഫോമിലാണ് ഹൈലെക്‌സ് പിക്ക്അപ്പ് ട്രക്ക് ഒരുങ്ങിയിരിക്കുന്നത്. 5285 എംഎം നീളവും 3080 എംഎം വീല്‍ബേസുമാണ് ഹൈലെക്സ് പിക്ക്അപ്പിനുള്ളത്. 700 എംഎം വാട്ടര്‍ വേഡിങ് കപ്പാസിറ്റിയും ഈ വാഹനത്തിനുണ്ട്. 2.8 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് 4സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ഹൈലെക്‌സിന് കരുത്തേകുന്നത്.