മാധ്യമപ്രവർത്തകൻ്റെ മൈക്ക് മുഖത്ത് തട്ടിയപ്പോഴുണ്ടായ നടൻ മോഹൻലാലിൻ്റെ പ്രതികരണം വൈറലായിരുന്നു. ഇപ്പോഴിതാ അതിനെ ഓർമ്മിപ്പിക്കുന്നതരത്തിൽ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് സ്വച്ഛത പഖ്‌വാദ ക്യാമ്പയിൻ്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. പരിപാടി കഴിഞ്ഞ് മാധ്യമങ്ങളെ കാണുകയായിരുന്ന മന്ത്രിയുടെ മുഖത്ത് ഒരു മാധ്യമപ്രവർത്തകന്റെ മൈക്ക് തട്ടി.
പിന്നാലെയായിരുന്നു മന്ത്രി തമാശയായി പ്രതികരിച്ചത്. ‘ഞാനും പറയണോ മോനേ നിന്നെ ഞാന്‍ നോക്കി വെച്ചിട്ടുണ്ടെന്ന്. അതിനു വേണ്ടിയാണോ’, എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ‘തഴുകിയതേയുള്ളൂ തട്ടിയില്ല’ എന്നും സുരേഷ് ഗോപി പറഞ്ഞു.
ഒരു മാധ്യമപ്രവർത്തകന്റെ മൈക്രോഫോൺ മോഹൻലാലിന്റെ കണ്ണിൽ തട്ടിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരുന്നു.
മാധ്യമപ്രവർത്തകനെതിരെ രൂക്ഷ വിമർശനവും ഉയർന്നു. മോഹൻലാൽ പിന്നീട് മാധ്യമപ്രവർത്തകനെ വിളിച്ച് ആശ്വസിപ്പിച്ചതും വാർത്തയായിരുന്നു. വേദനിച്ചിട്ടും മാധ്യമപ്രവർത്തകനെ ആശ്വസിപ്പിച്ചതിന് മോഹൻലാലിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തു വന്നത്.