ദക്ഷിണേന്ത്യയിൽ നിന്നുള്ളവർക്കെതിരെ പരാമർശവുമായി ശിവസേന എംഎൽഎ. ബുൽധാൻ മണ്ഡലത്തിലെ ദക്ഷിണേന്ത്യക്കാർ ഡാൻസ് ബാറുകൾ നടത്തി മറാത്തി സംസ്കാരം തകർത്തെന്നും അതുവഴി കുട്ടികളുടെ സ്വഭാവം നശിപ്പിച്ചെന്നും ബുൽധാൽ മണ്ഡലത്തിലെ എംഎൽഎ സഞ്ജയ് ഗായ്ക്വാഡാണ് അഭിപ്രായപ്പെട്ടത്.
ഭക്ഷ്യ വിതരണത്തിനുള്ള കരാറുകൾ ഡാൻസ് ബാറുകളും ലേഡീസ് ബാറുകളും നടത്തുന്ന ദക്ഷിണേന്ത്യർക്ക് നൽകരുതെന്നാണ് സഞ്ജയ് ഗായ്ക്‌വാഡ് വ്യാഴാഴ്ച പ്രതികരിച്ചത്. കൊളാബയിലെ എംഎൽഎ ഹോസ്റ്റലിലെ ഭക്ഷണം മോശമായതിന് പിന്നാലെ കാന്റീൻ ജീവനക്കാരനെ കയ്യേറ്റം ചെയ്ത ശേഷമായിരുന്നു വിദ്വേഷ പരാമർശം. കേടായ പരിപ്പും ചോറും നൽകിയെന്ന് ആരോപിച്ചായിരുന്നു കയ്യേറ്റം.
ബുൽധാൻ നിയോജക മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയാണ് സഞ്ജയ് ഗായ്ക്‌വാഡ് വിജയിക്കുന്നത്. നിലവിലെ മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് ആയ ഹർഷ്വർധൻ സാപ്കലിനെ ആണ് സഞ്ജയ് ഗായ്ക്‌വാഡ് 2019ൽ പരാജയപ്പെടുത്തിയത്.
2024ൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലെ സ്ഥാനാർത്ഥിയായ ജയ്ശ്രീ ഷെൽക്കേയെ 841 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എംഎൽഎയായത്. 2024 സെപ്തംബറിൽ രാഹുൽ ഗാനിധിയുടെ നാവ് അരിയുന്നവർക്ക് സഞ്ജയ് 11 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ഇതിൽ സഞ്ജയ് ഗായ്ക്‌വാഡിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.