സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആണ്. മറ്റന്നാൾ എറണാകുളം മുതൽ വടക്കോട്ടുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ അലർട്ട് ഇല്ലെങ്കിലും സാധാരണ കാലവർഷ മഴയ്ക്ക് സാധ്യതയുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ള സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ വിഭാഗം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ശക്തിയേറിയ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും പലതരം അപകടങ്ങൾക്കുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്ന് ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്നപ്രകാരം സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കണമെന്നും നിർദേശത്തിൽ പറയുന്നു.