ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിയതിൽ തളർന്നുവലഞ്ഞ് യാത്രക്കാർ. എട്ട് മണിക്കൂറിലേറെയാണ് വിമാനം വൈകിയത്. ജൂലൈ 9ന് ലഖ്നൗ എയര്‍പോര്‍ട്ടില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് വൈകിയത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ്-193 വിമാനം ലഖ്നൗവില്‍ നിന്ന് രാവിലെ 8.45ന് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍ വിമാനം പുറപ്പെട്ടത് വൈകിട്ട് 5.11നാണ്. മണിക്കൂറുകളോളം വിമാനം വൈകിയതോടെ യാത്രക്കാര്‍ അവശരായി.
എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരിലൊരാളും തങ്ങളെ സഹായിക്കാനെത്തിയില്ലെന്ന് യാത്രക്കാരിലൊരാളായ അമൃത് സിങ് എക്സ് പ്ലാറ്റ്ഫോമില്‍ പരാതിപ്പെട്ടു. ലഗേജുകളുമായി യാത്രക്കാര്‍ കാത്തിരിക്കുന്നതും ചില യാത്രക്കാര്‍ ക്ഷീണിച്ച് ലഗേജിൽ തന്നെ തല വെച്ച് കിടക്കുന്നതും ഇദ്ദേഹം പങ്കുവെച്ച വീഡിയോയിലുണ്ട്.
ദുബൈയിൽ നിന്ന് ലഖ്നൗവിലേക്കുള്ള ഐ എഎക്സ്-194 എന്ന വിമാനം 16 മണിക്കൂറിലധികം വൈകിയെത്തിയതാണ് ഈ തടസ്സത്തിന് കാരണമായതെന്ന് ലഖ്നൗ വിമാനത്താവളത്തിലെ വൃത്തങ്ങൾ പറഞ്ഞു. സാങ്കേതിക തകരാർ ഉണ്ടെന്ന സംശയത്തിൽ മുൻകരുതൽ പരിശോധനകൾ ആവശ്യമായി വന്നതിനാലാണ് വിമാനം തലേദിവസം രാത്രിയിൽ ദുബൈയിൽ തടഞ്ഞുവച്ചതെന്നാണ് റിപ്പോർട്ട്.