സോഷ്യല്‍മീഡിയയില്‍ പല വിധത്തിലുള്ള ട്രെൻഡുകളുണ്ട്. അതിലൊന്നായിരുന്നു അടുത്തിടെ വൈറലായ വായിൽ ടേപ്പൊട്ടിച്ച് ഉറങ്ങുന്നത്. വൈറലായ ഈ ട്രെൻഡിനെക്കുറിച്ച് ആരോഗ്യ വിദഗ്ധർ നൽകിയ മുന്നറിയിപ്പിന് ആരും ചെവികൊടുത്തില്ലെങ്കിലും പിന്നെ അത് കുറച്ചുനാൾ കഴിഞ്ഞപ്പോൾ തനിയെ ഇല്ലാതായി. ഇപ്പോഴിതാ സമാനമായ മറ്റൊരു ട്രെൻഡ് പരക്കുകയാണ് ഫ്രിഡ്ജ് സിഗരറ്റ് എന്നാണ് ഇതിന്റെ പേര്. എന്നാല്‍ പേര് സൂചിപ്പിക്കുന്ന പോലെ സിഗരറ്റുമായോ പുകവലിയുമായോ ഇതിന് ബന്ധമില്ല.
ഒരു കാര്യവുമില്ലാതെ വെറുതെ ഫ്രിഡ്ജ് തുറന്ന് നോക്കുന്ന ശീലം പലർക്കുമുണ്ട്. ഇങ്ങനെ ഇടയ്ക്കിടെ ഫ്രിഡ്ജ് തുറന്ന് ശീതളപാനീയങ്ങള്‍ കുടിക്കുന്നത് സന്തോഷം ഉണ്ടാക്കുന്നുവെന്ന് ഫ്രിഡ്ജ് സിഗരറ്റ് ട്രെന്‍ഡ് ഏറ്റെടുക്കുന്നവര്‍ പറയുന്നു.
ഫ്രിഡ്ജ് തുറന്ന്, തണുത്ത ഒരു കോക്കിന്‍റെ കാന്‍ പൊട്ടിക്കുമ്പോഴുള്ള ശബ്ദം, നുരഞ്ഞു പൊങ്ങുന്ന പതയും അത് കുടിക്കുമ്പോള്‍ കിട്ടുന്ന തരിപ്പും സിഗരറ്റ് വലിക്കുമ്പോള്‍ കിട്ടുന്ന അതേ ആനന്ദം നല്‍കുന്നവെന്ന് ഇവര്‍ പറയുന്നു. ഇതാണ് ഫ്രിഡ്ജ് സിഗരറ്റ് എന്ന് വിശേഷിപ്പിക്കുന്നതും. ഇത് ഒരു സ്‌മോക്ക് ബ്രേക്കിന് തുല്യമായൊരു പ്രതീതി തരുമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
‘ടൈം ഫോര്‍ മൈ ആഫ്റ്റര്‍നൂണ്‍ ഫ്രിഡ്ജ് സിഗരറ്റ്’ എന്ന ക്യാപ്ഷനും ടാഗിനുമൊക്കെ ആയിരക്കണക്കിന് ലൈക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. ട്രെന്‍ഡ് ഏറ്റുപിടിക്കുമ്പോഴും ഇതില്‍ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളം പോലെ ഇടയ്ക്കിടെ കുടിക്കാവുന്ന ഒന്നല്ല ഡയറ്ററി കോക്ക് എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് പൊണ്ണത്തടിക്കും കുടല്‍ രോഗങ്ങള്‍ക്കും മെറ്റബോളിസം സിന്‍ഡ്രോം പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും.